CrimeNEWS

കൊച്ചി ലഹരിവേട്ട അന്വേഷിക്കാന്‍ എന്‍.ഐ.എയും; സ്പീഡ്ബോട്ടില്‍ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം

കൊച്ചി: ഉള്‍ക്കടലില്‍ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എന്‍.ഐ.എ. അന്വേഷണം തുടങ്ങി. സംഭവത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ പാക് പൗരനെ എന്‍.ഐ.എ. ചോദ്യംചെയ്തു. തീവ്രവാദവിരുദ്ധ സ്‌ക്വാഡും എന്‍.സി.ബിയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കപ്പലില്‍നിന്ന് പിടികൂടിയ പാക് പൗരന്‍ സുബൈറിനെ തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം അപേക്ഷനല്‍കും. എന്നാല്‍, താന്‍ പാക്കിസ്ഥാന്‍കാരനല്ല, ഇറാന്‍കാരനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതി.

എന്‍.സി.ബി. പിടിച്ചെടുത്ത 2525 കിലോഗ്രാം ലഹരിമരുന്നിനുപുറമേയുള്ള ലഹരിമരുന്ന് കടലില്‍ തള്ളിയതായും ചോദ്യംചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടര്‍ന്നപ്പോള്‍ കടലില്‍ തള്ളിയെന്നാണ് സൂചന. ഇതുകണ്ടെത്താന്‍ നാവികസേനയുടെ സഹായത്തോടെ എന്‍.സി.ബി. ശ്രമം തുടങ്ങി.

വെള്ളംകയറാത്തരീതിയില്‍ പൊതിഞ്ഞാണ് കടലില്‍ തള്ളിയിരിക്കുന്നത്. ഇത് ജി.പി.എസ്. സംവിധാനമുപയോഗിച്ച് ലഹരിറാക്കറ്റിന് പിന്നീട് കണ്ടെത്താനാകും. അതിനുമുമ്പേ ഇവ കണ്ടെത്തി പിടിച്ചെടുക്കാനാണ് നീക്കം. അതേസമയം, കപ്പലില്‍നിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ട ആറുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ പാക്കിസ്ഥാന്‍പൗരന്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പുറംകടലില്‍ നടത്തിയ പരിശോധനയില്‍ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തത്.

കൊച്ചി ഉള്‍ക്കടലില്‍വച്ച് പിടിയിലാകുമ്പോള്‍ രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലായിരുന്നു കപ്പലെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. നേവല്‍ ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിക്കുമ്പോള്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത പാ്കിസ്ഥാന്‍ ചരക്കുകപ്പല്‍ ഗുജറാത്ത് പുറംകടല്‍ താണ്ടി തെക്കുകിഴക്ക് ദിശയില്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണു നീങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍, നാവികസേനയും എന്‍.സി.ബി.യും പിന്തുടരുന്ന വിവരം കപ്പലിനു ലഭിച്ചതായി അതിന്റെ പിന്നീടുള്ള വേഗം സൂചിപ്പിക്കുന്നു. ഇന്ത്യന്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ പുറത്തുള്ള അന്താരാഷ്ട്ര കപ്പല്‍ച്ചാലിലേക്കു നീങ്ങാന്‍ ശ്രമിച്ചതും ഇത് ശരിവെക്കുന്നു. പിന്നീട് മദര്‍ഷിപ്പ് മുക്കിയാണ് സംഘാംഗങ്ങള്‍ കടന്നുകളഞ്ഞത്. മുക്കിയ കപ്പലില്‍ ശ്രീലങ്കയുടെ കൊടി കണ്ടതായും സൂചനയുണ്ട്. ഇറാനിലെ ചബഹാര്‍ തുറമുഖത്തുനിന്നാണ് മദര്‍ഷിപ്പ് പുറപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Back to top button
error: