KeralaNEWS

എൽപിജി സിലിണ്ടർ ഉൾപ്പെടെ ലഭിക്കും; റേഷൻ കടകൾ ഇനി മിനി സൂപ്പർമാർക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും.പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ചാണ് കെ – സ്റ്റോറുകളാക്കുന്നത്.ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.
ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ജി പി എസ് ട്രാക്കിംഗ് സംവിധാനവും ഇതോടൊപ്പം നടപ്പാക്കിയിട്ടുണ്ട്.പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു.
ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത്.

Back to top button
error: