NEWSTech

ഈ നമ്പരുകളില്‍നിന്ന് കോള്‍ വന്നാല്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യുക; എടുത്തുപോയാല്‍ പണിയാകും

ന്യൂഡല്‍ഹി: ഫോണ്‍ ഉപയോഗിക്കാത്ത സമയത്തുപോലും മൈക്രോഫോണ്‍ വഴി സ്മാര്‍ട്ട്ഫോണ്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

രാത്രി ഉറങ്ങുന്ന സമയത്ത് വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ട്വിറ്ററിലെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ദബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, തങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് ഉടമകളായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും വാട്‌സ് ആപ്പ് അറിയിച്ചു.

Signature-ad

അജ്ഞാത രാജ്യാന്തര നമ്പരുകളില്‍ നിന്നുള്ള സ്പാം കാളുകള്‍ (സ്പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്ക്കുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും) വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്‌സ്ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്തോനീഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര സ്പാം നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഉപയോക്താക്കളുടെ നമ്പറുകള്‍ സ്പാം ഏജന്റുമാര്‍ക്ക് ലഭിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. നമ്പറുകളുടെ ഡാറ്റാബേസ് അവര്‍ക്ക് ലഭിക്കുണ്ടെങ്കില്‍ അത് സ്വകാര്യത ലംഘനമാണ്. ഇക്കാര്യം പരിശോധിക്കാന്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്പാം നമ്പരുകളില്‍ നിന്നുള്ള കാളുകള്‍ വന്നാല്‍ അത് എടുക്കാതിരിക്കുക. ആ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്‌സ്ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ തൊടുക. തുറന്നു വരുന്ന മെനുവില്‍ നിന്ന് ‘മോര്‍’ തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്‌ളോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം). അഞ്ജാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യരുത്. ഫോണില്‍ രഹസ്യസോഫ്റ്റ്വെയര്‍ നിക്ഷേപിച്ച് ബാങ്കിംഗ് ഇടപാടുകളുടെ അടക്കം വിവരങ്ങള്‍ ചോര്‍ത്താന്‍ അതുവഴി അവര്‍ക്ക് സാധിക്കും.

ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കുന്ന തട്ടിപ്പും വാട്‌സ്ആപ്പില്‍ സാധാരണമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍ മാത്രമാണ് അവരുടെ ലക്ഷ്യം.

 

 

 

Back to top button
error: