KeralaNEWS

വിലങ്ങിട്ടാലും ഇല്ലെങ്കിലും കുഴപ്പം? കോടതിയില്‍ എത്തിച്ചപ്പോള്‍ പ്രതിക്ക് വിലങ്ങ്; കോട്ടയത്ത് ജയില്‍ സൂപ്രണ്ടിനും പോലീസുകാര്‍ക്കും മെമ്മോ!

കോട്ടയം: കൊല്ലം കൊട്ടാരക്കരയില്‍ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിലങ്ങണിയിച്ചിരുന്നോ എന്ന വിവാദങ്ങള്‍ക്കിടെ കോട്ടയത്ത് പ്രതിയെ വിലങ്ങണിയിച്ച പോലീസുകാര്‍ക്കും ജയില്‍ സൂപ്രണ്ടിനും കാരണം കാണിക്കല്‍ നോട്ടീസ്. കോട്ടയം ഏറ്റുമാനൂരില്‍ വാഹനാപകട കേസില്‍ പ്രതിയായ യുവാവിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ വിലങ്ങ് ധരിപ്പിച്ചതിന്റെ പേരിലാണ് രണ്ടു പോലീസുകാര്‍ക്കും ജില്ലാ ജയില്‍ സൂപ്രണ്ടിനും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് അഞ്ചാം കോടതി ജഡ്ജാണ് ജില്ല ജയില്‍ സൂപ്രണ്ടിനും സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് കൊടുത്തത്. ഏറ്റുമാനൂരില്‍ കഴിഞ്ഞ ജനുവരിയില്‍ അമ്മയെയും മകളെയും ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവറായ യുവാവിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ വിലങ്ങണിയിച്ചതിന്റെ പേരിലാണ് നടപടി.

Signature-ad

ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കേസില്‍ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധിയ്ക്കിടെ യുവാവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ വിലങ്ങണിയിച്ചത് ചോദ്യം ചെയ്ത കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിന് നോട്ടീസ് അയച്ചു. തുടര്‍ന്ന് സൂപ്രണ്ട് പ്രതിയുമായി പോയ പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കി.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതിയുമായി പോയ രണ്ടു പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അഞ്ചുദിവസത്തിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നോട്ടീസ്.

 

Back to top button
error: