KeralaNEWS

താനൂർ ബോട്ടപകടം; വീണ്ടും കേരളത്തിന്റെ രക്ഷകരായി മത്സ്യത്തൊഴിലാളികൾ

താനൂർ: പ്രളയകാലത്തെ മഹാസഹായം ഓർമിപ്പിച്ച് ‘കേരളത്തിന്റെ സൈന്യമാ’യി വീണ്ടും മത്സ്യത്തൊഴിലാളികളുടെ കൂട്ട രക്ഷാപ്രവർത്തനം.ബോട്ട് മറിഞ്ഞെന്ന വാർത്ത പരന്നതോടെ പൂരപ്പുഴയുടെ ഇരുവശത്തുമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയത്.
മത്സ്യബന്ധന ബോട്ടുകളുമായെത്തിയും അല്ലാതെയും ആദ്യം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അവർ തന്നെ.വെളിച്ചക്കുറവിനെയും പുഴയിലെ ചെളിയെയും അവഗണിച്ച് നടന്ന രക്ഷാപ്രവർത്തനത്തിന് തുണയായതും മത്സ്യത്തൊഴിലാളികളുടെ പരിചയസമ്പത്തായിരുന്നു.
 
വെള്ളത്തിൽ വീണവരെ ആദ്യം രക്ഷിച്ച് കരയ്ക്കു കയറ്റി.പിന്നീട് ബോട്ട് ഉയർത്തി ആളുകളെ പുറത്തെടുക്കാനായി മത്സ്യത്തൊഴിലാളികൾ തന്നെയാണ് ശ്രമം തുടങ്ങിയത്.ഇതിനായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കൈകോർത്തു. പിന്നീട് മണ്ണുമാന്തി കൂടി എത്തിച്ചാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്.

വിവരമറിഞ്ഞെത്തിയ മറ്റു സന്നദ്ധ സേവകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തിൽ  തിരച്ചിൽ നടന്നുക്കുമ്പോഴേക്കും അപകടത്തിൽപ്പെട്ടവരെ ഏറെക്കുറെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചിരുന്നു.

Back to top button
error: