KeralaNEWS

കെ ഫോണില്‍ കറക്ക് കമ്പനികള്‍ക്ക് കരാര്‍ കിട്ടാന്‍ സര്‍ക്കാരിന്റെ ഒത്തുകളി; കരാര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ സര്‍ക്കാര്‍ പുകച്ച് പുറത്ത് ചാടിച്ചു: പ്രതിപക്ഷ നേതാവ്

കൊച്ചി: കെ ഫോണിൽ ആദ്യ ടെൻഡർ നേടിയതും എം.എസ്.പി. ടെൻഡർ നേടിയതുമൊക്കെ അഴിമതി ക്യാമറ ഇടപാടിന് പിന്നിലുള്ള കറക്ക് കമ്പനികൾ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന് പുറമെ ഐ.എസ്.പി (Internet Service Provider), ഹാർഡ്വേയർ, സോഫ്ട്‌വെയർ എന്നിവ ലഭ്യമാക്കാൻ 2023 ജനുവരിയിൽ കെ ഫോൺ ടെൻഡർ ക്ഷണിച്ചു. എം.എസ്.പി കരാറിൽ പങ്കെടുക്കുന്നതിനാൽ എസ്.ആർ.ഐ.ടി അവർക്ക് പകരമായി കൺസോർഷ്യത്തിലെ മറ്റൊരു പാർട്ണറായ റയിൽടെല്ലിനെ പങ്കെടുപ്പിച്ചു. എ.ഐ ക്യാമറ തട്ടിപ്പിൽ കാർട്ടൽ ഉണ്ടാക്കാൻ സഹായിച്ച അക്ഷരയും ഈ കരാറിൽ പങ്കെടുത്തു. എന്നാൽ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന സ്റ്റാർട്ടപ്പ് കമ്പനിക്കാണ് കരാർ ലഭിച്ചത്. സ്റ്റാർട്ടപ്പ് കമ്പനിക്ക് ഇളവുകൾ നൽകാമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളെ തുടർന്നാണ് സിറ്റ്‌സയ്ക്ക് കരാർ ലഭിച്ചത്. എന്നാൽ റെയിൽറ്റെലും അക്ഷരയും ഈ ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ഫോണിന് കത്തു നൽകി. കരാർ നിയമപരമാണെന്ന കെ ഫോണിന്റെ നിലപാടെടുത്തെങ്കിലും 2023 ഏപ്രിൽ മൂന്നിന് ഐ.ടി സെക്രട്ടറി ഇടപെട്ട് സിറ്റ്‌സയുടെ കരാർ റദ്ദാക്കി. കറക്ക് കമ്പനികൾ മാത്രം കെ ഫോൺ നടപ്പാക്കിയാൽ മതിയെന്ന് സർക്കാർ നിലപാടെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കറക്ക് കമ്പനികളുടെ സംഘം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ സമീപിക്കാൻ രാജീവിന്റെ ഉപദേശം വേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയായതിനാൽ മുഖ്യമന്ത്രി തന്നെ മറുപടി നൽകണം. മുഖ്യമന്ത്രി മറുപടി പറയണമെന്നത് പീടികയിൽ പോയി പറഞ്ഞാൽ മതിയെന്നാണ് എ.കെ ബാലൻ പറഞ്ഞത്. അതിന് മറുപടി നൽകേണ്ട ആവശ്യമില്ല. ഇതിൽ എ.കെ ബാലന് എന്ത് കാര്യം? ഗസ്റ്റ് ഹൗസ് വാടകയ്‌ക്കെടുത്ത കാര്യമൊന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല. അതൊക്കെ മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഒരു അന്വേഷണം നടന്നാൽ തെളിവുകൾ ഹാജരാക്കാൻ പ്രതിപക്ഷം തയാറാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെടുമ്പോൾ അത് പിടികയിൽ പോയി പറഞ്ഞാൽ മതിയെന്നാണ് സി.പി.എം പറയുന്നതെങ്കിൽ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണം. മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സമഗ്രമായ ജുഡീഷ്യൽ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഏത് അന്വേഷണ ഏജൻസി വേണമെന്ന് ജുഡീഷ്യൽ കമ്മീഷൻ തീരുമാനിക്കട്ടെ. വിജിലൻസ് അന്വേഷിച്ചാൽ ലൈഫ് മിഷൻ കേസ് പോലെയാകും. വിജിലൻസ് ഇഷ്ടക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ലോകായുക്തയിൽ പോകണമെന്ന് ദേശാഭിമാനി പോലും പറയില്ല. അഴിമതി നിരോധന സംവിധാനങ്ങളൊക്കെ സർക്കാർ ഇല്ലാതാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതികൾ ഇനിയും പുറത്ത് വരാനുണ്ട്. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തയിൽ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രതികരണവുമില്ലേ? എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത്? മോദി ചെയ്തത് കൊണ്ട് മുഖ്യമന്ത്രി അതിനെതിരെ ഒരു പരാതിയുമില്ല. കേന്ദ്ര സർക്കാരിനെ ഭയന്നിട്ടാണോ ഒന്നും പറയാത്തത്. അനുമതി നൽകാത്തതിന് കാരണം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കാരണങ്ങൾ എന്താണെന്ന് പുറത്ത് വിടാൻ സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പിന്നാലെ രാജ്യത്ത് പത്ത് ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് മണിപ്പൂരിലെ പ്രശ്‌നങ്ങൾ. അവിടെയും ക്രൈസ്തവരും അവരുടെ ദേവാലയങ്ങളുമാണ് ആക്രമിക്കപ്പെടുന്നത്. മൂന്ന് വർഷത്തിനിടെ രണ്ടായിരത്തിലധികം ക്രൈസ്തവ ആരാധാനാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. മതപരിവർത്തനം നടത്തുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ ക്രൈസ്തവരെ ആക്രമിക്കുന്നത്. അങ്ങനെയുള്ള ബി.ജെ.പി നേതാക്കളാണ് കേരളത്തിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ ക്രൈസ്തവർക്ക് പിന്നാലെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: