തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തിയ പ്ലമ്പര്‍ക്ക് കോടതി 10,000 രൂപ പിഴ വിധിച്ചു. ഉള്ളൂര്‍ ഭാസി നഗര്‍ കരിമ്പാലി ലെയ്നില്‍ ഗോപകുമാറിനെയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. ചോര്‍ത്തിയ വെള്ളത്തിനുള്ള ചാര്‍ജായി 20,000 രൂപയും വാട്ടര്‍ അതോറിട്ടിയില്‍ അടച്ചു.
ഗാര്‍ഹികാവശ്യത്തിനുള്ള സര്‍വീസ് ലൈനില്‍ നിന്ന് ജലം മോഷ്ടിച്ചതാണ് ഗോപകുമാറിനെതിരായ കുറ്റം. ജലമോഷണം തടയുന്നതിനുള്ള 2008ലെ നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. 2022 ഡിസംബറിലായിരുന്നു ജലമോഷണം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് തന്റെ സഹോദരങ്ങളായ പ്രേംകുമാറിനും പദ്മലതയ്ക്കുമാണ് ഗോപകുമാര്‍ രണ്ട് വര്‍ഷത്തോളം പണി കൊടുത്തത്.
ഇവര്‍ക്കും സമീപത്തുള്ളവര്‍ക്കും വെള്ളമില്ലാതെ വന്നതോടെ പ്രേംകുമാറും പദ്മലതയും പരാതിയുമായെത്തിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാറിനെ കൈയോടെ പിടികൂടിയത്. 2020ല്‍ ഗോപകുമാര്‍ 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുനില വീട് നിര്‍മ്മിച്ചിരുന്നു. ഒരുനിലയില്‍ ഗോപകുമാറും കുടുംബവും രണ്ടാമത്തെ നിലയില്‍ വാടകക്കാരുമാണ് താമസിച്ചിരുന്നത്. ഈ വീടിന് സമീപത്തായാണ് പ്രേംകുമാറും പദ്മലതയും താമസിച്ചിരുന്നത്.
ഇരുവരുടെയും വീടുകളിലേക്ക് കുടിവെള്ളം നല്‍കുന്നത് ഒരേ ലൈനിലൂടെയാണ്. പ്രേംകുമാറിന്റെ വീട്ടിലേക്കുള്ള മീറ്റര്‍ പോയിന്റിന്റെ സര്‍വീസ് ലൈനില്‍ നിന്നാണ് ഗോപകുമാര്‍ വെള്ളം ചോര്‍ത്തിയത്. പ്ളമ്പിംഗ് ജോലികള്‍ അറിയുന്നതിനാല്‍ ഗോപകുമാറിന് വെള്ളം ചോര്‍ത്താന്‍ പ്രയാസമുണ്ടായില്ല. വെള്ളം ചോര്‍ത്തുന്ന വിവരം വാടകക്കാര്‍ക്കും അറിയില്ലായിരുന്നു. തന്റെ വീട്ടിലും അടുത്തുള്ള വീടുകളിലും വെള്ളം കിട്ടാതെ വന്നതോടെയാണ് പ്രേംകുമാര്‍ പരാതിയുമായി വാട്ടര്‍ അതോറിട്ടിയെ സമീപിച്ചത്. ആദ്യം പരിശോധന നടത്തിയെങ്കിലും ജലമോഷണം കണ്ടെത്താനായില്ല. വീണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് പൈപ്പില്‍ എക്സ്റ്റന്‍ഷന്‍ ഘടിപ്പിച്ച് വെള്ളം ചോര്‍ത്തിയത് കണ്ടെത്തിയത്.