സാമന്ത, ദേവ് മോഹന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. വന്‍ ബജറ്റില്‍ ത്രീഡി സാങ്കേതികവിദ്യയിലെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ റിലീസ് ചെയ്ത് അധികനാള്‍ കഴിയും മുന്നേ തന്നെ തിയേറ്റര്‍ വിട്ടു. ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് നിര്‍മാതാവ് ദില്‍ രാജു പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
20 കോടിയോളമാണ് ശാകുന്തളം കാരണം തനിക്ക് സംഭവിച്ച നഷ്ടമെന്ന് ദില്‍ രാജു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടിയായിരുന്നു ശാകുന്തളമെന്നും അദ്ദേഹം വ്യക്തമാക്കി. ”2017 എന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു. നേനു ലോക്കല്‍, ശതമാനം ഭവതി, മിഡില്‍ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകള്‍ ഉണ്ടായി. അന്‍പത് സിനിമകള്‍ നിര്‍മിച്ചവയില്‍ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാല്‍ 25 വര്‍ഷത്തെ സിനിമാ കരിയറില്‍ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.”ദില്‍ രാജുവിന്റെ വാക്കുകള്‍.
ആ പരാജയം താന്‍ സമ്മതിക്കുന്നതായും ഉള്‍ക്കൊള്ളുന്നതായും ദില്‍ രാജു പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ അതൊരു ബ്ലോക്ക് ബസ്റ്ററായേനേ. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കും. ആ സിനിമയില്‍ അത്രയേറെ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് റിലീസീന് നാലുദിവസം മുമ്പ് പ്രിവ്യൂ ഷോ നടത്തിയത്. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. അറുപത്തഞ്ച് കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യ വിസ്മയമൊരുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നായിരുന്നു ചിത്രം നേരിട്ട പ്രധാന വിമര്‍ശനം.