പട്‌ന: പരാതി പറയാനെത്തിയ അധ്യാപകനോട് ”നിങ്ങളെ ഭീകരനാക്കാന്‍ ഒരു നിമിഷം മതി” എന്ന ഭീഷണിയുമായി ബിഹാര്‍ പോലീസ്. ജാമുയി ജില്ലയിലെ ഝാഝാ പോലീസ് സ്റ്റേഷനിലാണ് സംഭവം. അധ്യാപകനെ ഭീകരനാക്കുമെന്ന് ഭീഷണിമുഴക്കുന്ന സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് സംഭവമെന്നാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കള്‍ക്കൊപ്പം തര്‍ക്ക പരിഹാരത്തിനായി പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു അധ്യാപകന്‍. തന്റെ ഭാഗം പോലീസുകാര്‍ക്ക് മുമ്പില്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് പോലീസ് അധ്യാപകനോട് തട്ടിക്കയറുന്നത്.
#Watch | "तुम पर काल मंडरा रहा": बिहार के पुलिसवाले का टीचर को धमकी देने का VIDEO वायरलhttps://t.co/H6sTFrXNxO pic.twitter.com/oL9TyER4w6
— NDTV India (@ndtvindia) May 3, 2023
ഇരിപ്പിടത്തില്‍ നിന്നെണീറ്റ് ആക്രോശിച്ചു കൊണ്ട് ” ആരെയെങ്കിലും ഭീകരനായി പ്രഖ്യാപിക്കുക എന്നത് ഞങ്ങളുടെ തൊഴിലാണ്, നിങ്ങളെ ഭീകരനാക്കാന്‍ ഒരു സെക്കന്റ് മതി” എന്നാണ് രാജേഷ് ശരണ്‍ എന്ന പോലീസുകാരന്‍ ഭീഷണിപ്പെടുത്തുന്നത്. ഇയാളുടെ ചുറ്റും ഉദ്യോഗസ്ഥര്‍ ഇരിക്കുന്നുണ്ടെങ്കിലും ആരും ഇടപെടുന്നതായി വീഡിയോയില്‍ കാണുന്നില്ല.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ജാമുയി പോലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.