ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതിയാണ് മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്.
ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ഹസിന്‍ ജഹാന്റെ ഹര്‍ജിയിലുണ്ട്. ഇന്ത്യന്‍ ടീമിന്റെ യാത്രകള്‍ക്കിടെ ഷമി വിവാഹേതര ബന്ധങ്ങള്‍ തുടരുന്നതായി ഹസിന്‍ ജഹാന്‍ ആരോപിച്ചു. ക്രിക്കറ്റ് യാത്രകളില്‍ ബിസിസിഐ അനുവദിക്കുന്ന മുറികളില്‍വച്ച് ഷമി അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നാണു പരാതി.
ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ഉപദ്രവിച്ചു. ഷമി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടു. ഷമിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ ഹസിന്‍ ജഹാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി കേസില്‍ വിചാരണ നടക്കുന്നില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹസിന്‍ ജഹാന്‍ പരാതിപ്പെട്ടു.
”നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പേരില്‍ പരിഗണന ലഭിക്കരുത്. നാലു വര്‍ഷത്തോളമായി കേസില്‍ വിചാരണ നടക്കുന്നില്ല. അതുകൊണ്ട് സ്റ്റേ തുടരുകയാണ്” -ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പറഞ്ഞു. 2012 ലെ ഐപിഎല്‍ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. വിവാഹിതയും രണ്ടു പെണ്‍കുട്ടികളുടെ മാതാവുമായ ഹസിന്‍ ജഹാന്‍ 2014 ലാണ് ഷമിയെ വിവാഹം കഴിച്ചത്. ഷമിയെക്കാള്‍ 10 വയസിനു മൂത്തതാണ് ഹസിന്‍. 2018 മുതല്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നു.
2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് അവര്‍ പോലീസില്‍ പരാതിയും നല്‍കി. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.