ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടി നാടുവിട്ടവരാണ് കവിതയും ഭര്‍ത്താവ് പി ശിവകുമാറും. എന്നാല്‍, കവിതയെ തേടിയെത്തിയത് ദുരന്തമായിരുന്നു. മോഷണക്കേസില്‍ പ്രതിയായാണ് കവിത കോടതി വരാന്തയിലെത്തിയത്. കോടതില്‍ ഹാളിന് പുറത്ത് ഇരിക്കുമ്പോഴായിരുന്നു ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് നിറച്ച കുപ്പിയുമായി എത്തിയത്.
പിന്നാലെ കവിതയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ശിവകുമാര്‍ ഓടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിഭാഷകരും ചേര്‍ന്നാണ് പിടികൂടിയത്. കവിതയ്ക്ക് എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം.
അടുത്തിടെ ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമക്കേസിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 2016 ല്‍ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് കവിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിത പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കവിത സ്ഥിരമായി കേസിലെ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. കോടതി വളപ്പില്‍ ഇരുവരും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈയ്യിലെ പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിച്ചിരുന്ന ആസിഡ് യുവതിക്ക് നേരെ ഒഴിച്ചത്.