വെള്ളിയാഴ്ച പുലർച്ചെയാണ് അജികുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടറും നഗരസഭാ മുൻ ചെയർമാൻ ഷാജുവും മർദിച്ചതിലുള്ള മനോവിഷമമാണ് മകൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു കാട്ടി അജിയുടെ അച്ഛൻ കൊല്ലം റൂറൽ എസ്︋പിക്കാണ് പരാതി നൽകിയിരിക്കുന്നത്.
ടാപ്പിംഗ് തൊഴിലാളിയാണ് അജി. അജിയുടെ ഭാര്യ ശാലിനി മൂന്നുവർഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാർലറിൽ ജോലിനോക്കി വരികയായിരുന്നു. ഇതിനിടെ പാർലർ ഉടമ ശാലിനിയെ ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.എന്നാൽ ശാലിനിയുടെ ഗൾഫ് യാത്രയ്ക്ക് അജി എതിരായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഇതേച്ചൊല്ലി അജിയുടെ വീട്ടിൽ വഴക്കു നടന്നു. തുടർന്ന് ശാലിനിയെ അജി ജോലിക്ക് വിട്ടിരുന്നില്ല. ശാലിനിയെ കാണാത്തതിനാൽ ബ്യൂട്ടി പാർലർ ഉടമ അജിയെ ഫോണിൽവിളിച്ച് കാര്യം തിരക്കി. ഇതേത്തുടർന്ന് അജിയുമായി ബ്യൂട്ടിപാർലർ ഉടമ വാക്കേറ്റമുണ്ടാകുകയും ചെയ്തു.തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അജിയുടെ വീട്ടിൽ പിങ്ക് പോലീസുകാർ എത്തുകയും അവർ ശാലിനിയെയും മക്കളെയും ബ്യൂട്ടി പാർലറിൽ എത്തിക്കുകയും ചെയ്തു.അന്നവർ മടങ്ങിവന്നില്ലെന്ന് അജിതയുടെ ബന്ധുക്കൾ പറയുന്നു.
ഇതേത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് അജി ബ്യൂട്ടി പാർലറിൽ എത്തിയിരുന്നു. എന്നാൽ അജിയെ മക്കളെയും ഭാര്യയെയും കാണിക്കാൻ പാർലർ ഉടമ തയ്യാറായില്ലെന്നും അജിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബ്യൂട്ടിപാർലറിൽ നിന്ന് അജിയെ ഇറക്കിവിടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിപ്പോകാൻ നിൽക്കവേ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാൻ ഷാജു ഇയാളെ മർദിക്കുകയും അജിയെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. സ്റ്റേഷനിൽവെച്ച് ഭാര്യയുടെ മുന്നിലിട്ട് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ മർദിച്ചതായും അജിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നു.
തുടർന്ന് വളരെ വൈകി ഉറങ്ങാൻ കിടന്ന അജിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൂയപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.റൂറൽ എസ്︋പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.