CrimeNEWS

വ്യാജ അഭിഭാഷക സെസി സേവ്യറിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി; എട്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. വ്യാജ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി സെസി സേവ്യർ ഒളിവിൽ കഴിഞ്ഞിരുന്നത് ഇൻഡോറിലും ദില്ലിയിലുമാണ്. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്.

അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി സെസിയുമായി അന്വേഷണ സംഘം ഇൻഡോറിലേക്ക് തിരിക്കും. സെസി വ്യാജ രേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നാണെന്നാണ് പൊലീസിൻറെ നിഗമനം. തിരവനന്തപുരം സ്വദേശിയായ അഭിഭാഷകൻറെ എൻറോൾമെൻറ് നമ്പർ ഉപയോഗിച്ചായിരുന്നു സെസി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ ബാർ അസോസിയേഷൻ ഭാരവാഹിയുമായി മാറിയിരുന്നു.

Signature-ad

നിരവധി കേസുകളിൽ അഭിഭാഷക കമ്മീഷനായും സെസിയെ നിയമിച്ചിരുന്നു. ഈ കാലയളവിൽ സെസി കൈക്കൂലി വാങ്ങിയതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യർക്കെതിരെ കേസെടുത്തത്. എൽ എൽ ബി പാസാകാത്ത സെസി സേവ്യർ വ്യാജ എന്റോൾമെന്റ് നമ്പർ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്. ഇത് കണ്ടെത്തിയ ബാർ അസോസിയേഷൻ സെസിയെ പുറത്താക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവിൽ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങി. അറസ്റ്റിലാവുന്നതിന് ഒരാഴ്ച മുമ്പാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇതിന് പിന്നാലെ സെസിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് ഇവർ കീഴടങ്ങിയത്.

Back to top button
error: