ബിഗ് ബോസ് മലയാളം സീസൺ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാർഥികൾക്കിടയിലെ ആവേശവും ഇതോടെ വർധിച്ചിട്ടുണ്ട്. ഇവർക്കിടയിലെ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഇപ്പോൾ സാധാരണമാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പുതിയ തർക്കം ഒമർ ലുലുവും മനീഷയും തമ്മിലാണ്. ബിഗ് ബോസ് വീട്ടിൽ താനിനി ജോലികളൊന്നും ചെയ്യുന്നില്ലെന്ന് ഒമർ ലുലു പറഞ്ഞതിനെ മനീഷ എതിർക്കുകയായിരുന്നു. ആ സമയം അടുക്കളയിൽ നിൽക്കുകയായിരുന്ന മനീഷ ഇക്കാര്യത്തിൽ പൊടുന്നനെ പ്രതികരിക്കുകയായിരുന്നു. ജോലി ചെയ്യാത്തവർക്ക് ഭക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം.
വീക്കിലി ടാസ്കിലെയും കഴിഞ്ഞ വാരത്തിലെ മൊത്തത്തിലുള്ള പ്രകടനവും വച്ച് മറ്റു മത്സരാർഥികൾ ഇക്കുറി ജയിയിലേക്ക് അയച്ചത് ഒമറിനെയും നാദിറയെയും ആയിരുന്നു. ആദ്യം പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഒമർ ലുലുവിന് ഇതിൽ പ്രശ്നമുണ്ടായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒമർ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഹൗസിലെ ദിനേനയുള്ള ജോലികളും ടാസ്കുകളുമൊക്കെ താൻ ചെയ്യുന്നുണ്ടെന്നും എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന മട്ടിൽ ജയിലിലേക്ക് അയക്കപ്പെട്ട സ്ഥിതിക്ക് ഇനി ജോലികളൊന്നും താൻ ചെയ്യുന്നില്ല എന്നായിരുന്നു ഒമർ പറഞ്ഞ പോയിൻറ്.
ബിഗ് ബോസ് പറയുന്ന ജോലികളൊന്നും ചെയ്യാതെ ഇവിടെ തുടരുന്നതിൻറെ സാധുത ഒമർ ആദ്യം അന്വേഷിച്ചത് അഖിലിനോടും ഷിജുവിനോടുമായിരുന്നു. ജോലി ചെയ്യാതിരിക്കുന്നു എന്നതുകൊണ്ട് ബിഗ് ബോസ് പുറത്താക്കുകയില്ലെന്നായിരുന്നു അഖിലിൻറെ പ്രതികരണം. പിന്നാലെയാണ് കിച്ചൺ ഏരിയക്ക് സമീപം നിന്ന് ഒമർ തൻറെ തീരുമാനം അറിയിച്ചത്. അപ്പോൾത്തന്നെ മനീഷയുടെ പ്രതികരണവും വന്നു. ജോലി ചെയ്യാതിരുന്നാൽ ഭക്ഷണം ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം. ഇവിടെയുള്ള ഭക്ഷ്യവസ്തുക്കളിൽ തൻറെ റേഷനും ഉണ്ടെന്ന് ഒമർ പറഞ്ഞു. എന്നാൽ റേഷൻ ഇരിക്കുന്നു എന്നതുകൊണ്ട് കാര്യമില്ലെന്നും അത് ഭക്ഷണമാക്കാൻ പണിയെടുക്കണമെന്നും മനീഷ പറഞ്ഞു. തുടർന്ന് ജോലികളൊക്കെ ചെയ്തിട്ടും തന്നെ ജയിലിലേക്ക് അയച്ചതിനുള്ള അനിഷ്ടം ഒമർ പറയാതെ പറഞ്ഞു.
താൻ ജോലികളിലും ടാസ്കുകളിലുമൊക്കെ ആക്റ്റീവ് ആയിരുന്നു. കിച്ചൺ ടീമിൽ ചേരാൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ അടുക്കളയിൽ ആള് കൂടി, പണി മുന്നോട്ട് നീങ്ങുന്നില്ല. ഇനിയും കിച്ചണിൽ പണിയെടുക്കാൻ താൻ തയ്യാറാണ്. അധികം കാര്യങ്ങളൊന്നും അറിയില്ല. പക്ഷേ താൻ സഹായിക്കാം. പിന്നീട് ഒമർ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തരുത്, ഒമർ ലുലു പറഞ്ഞു. അങ്ങനെ ആരും കുറ്റപ്പെടുത്തില്ലെന്ന് അഖിലും മനീഷയും ഒമറിനോട് പറഞ്ഞതോടെ അവിടുത്തെ ചർച്ച അവസാനിച്ചു. പണിയെടുക്കാതിരിക്കുന്നത് ഒമറിനെ നോമിനേറ്റ് ചെയ്യാത്ത മത്സരാർഥികൾക്കുകൂടി ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പിന്നീട് റിനോഷ് പറഞ്ഞ പോയിൻറ് മുഖവിലയ്ക്കെടുക്കുന്ന ഒമറിനെയും പ്രേക്ഷകർ കണ്ടു. റിനോഷ് പറഞ്ഞത് ശരിയാണെന്നും താൻ ജോലികൾ ചെയ്യുമെന്നും ഒമർ തൻറെ നിലപാട് തിരുത്തി.