ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുപിയില്‍ കേളജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി – വീഡിയോ വൈറല്‍
കേരളത്തിലെ കോളജ് ജീവിതത്തിനിടയിൽ ഒരു വട്ടമെങ്കിലും സംഘർഷത്തിനിടയിലൂടെ കടന്ന് പോകാത്തവർ വളരെ കുറവായിരിക്കും. രാഷ്ട്രീയ സംഘർഷത്തിൻറെ സമയത്താണെങ്കിൽ പ്രത്യേകിച്ചും. കോളേജുകളിൽ സംഘർഷങ്ങൾ കൂടിയപ്പോഴാണ് വിദ്യാർത്ഥി രാഷ്ട്രീയം കോളേജുകളിൽ വേണോ വേണ്ടയോ എന്ന ചർച്ചകൾ ശക്തമായതും സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടതും. എന്നാൽ അപ്പോഴും സംഘർഷത്തിന് കുറവ് വന്നില്ലന്നുള്ളത് വേറെ കാര്യം. കഴിഞ്ഞ അധ്യയനവർഷം കേരളത്തിലെ നിരവധി വിദ്യാലയങ്ങളിൽ സംഘർഷമുണ്ടായതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ സർവ്വകലാശാലയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദങ്കൗർ പോലീസ് സ്ഥിരീകരിച്ചു. ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും ദങ്കൗർ പോലീസും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായി ഡിഎൻഎ ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു, “വിദ്യാർത്ഥികൾക്കിടയിൽ ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി, തുടർന്ന് തർക്കം അക്രമാസക്തമായി,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോളേജ് വളപ്പിലെ ഒരു ഇടനാഴിയിൽ ഇരുസംഘം വിദ്യാർത്ഥികൾ പരസ്പരം ആക്രമിക്കുന്നത് കാണാമായിരുന്നുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.
https://twitter.com/ANI/status/1651807838635958272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1651807838635958272%7Ctwgr%5E980648b8f5e3d74149fc9fc61eb463605115a5bd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1651807838635958272%3Fref_src%3Dtwsrc5Etfw
വീഡിയോയിൽ കെട്ടിടത്തിൻറെ പല നിലകളിലൊന്നിൽ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പരസ്പരം അക്രമിക്കുന്നത് കാണാമായിരുന്നു. ചില വിദ്യാർത്ഥികൾ ഇത് കണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. പത്തൊമ്പത് സെക്കൻറ് മാത്രമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.