മുംബൈ: നടിയും മോഡലുമായിരുന്ന ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി നടന്‍ സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പത്തു വര്‍ഷത്തിനു ശേഷമാണ് വിധി.
സൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ് വിധിന്യായത്തില്‍ പറഞ്ഞു.
അമേരിക്കന്‍ പൗരയായിരുന്ന ജിയയെ 2013 ജൂണ്‍ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയില്‍നിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്.
ആദിത്യ പഞ്ചോളി, സറീനാ വഹാബ് താര ദമ്പതികളുടെ മകനായ സൂരജ് ജിയയുമായി അടുപ്പത്തില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂരജില്‍നിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പില്‍ എഴുതിയത്.
ജിയയുടെ മാതാവ് റാബിയ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ജിയയുടെ മാതാവ് ഉള്‍പ്പെടെ 22 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.