കൊച്ചി: കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നല്കിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. യുഡിഎഫിനെ പിന്തുണച്ചതിലൂടെ ഗുരുതരമായ വീഴ്ചയാണ് പദ്മജയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടിയെടുക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പദ്മജയുടെ പ്രതികരണം ലഭിച്ചില്ല.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ആയിരുന്ന പദ്മജ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നല്‍കിയെങ്കിലും അവര്‍ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു.
കലക്ടര്‍ക്ക് വിപ്പ് അടങ്ങിയ കത്ത് പാര്‍ട്ടി കൈമാറി. ദേശീയ നേതാവായതിനാല്‍ ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ട്. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.