KeralaNEWS

യു.ഡി.എഫ്. കാലത്തെ ക്യാമറ ഇടപാട്: 2018-ല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ 100 ക്യാമറ 40 കോടി രുപ മുടക്കി വാങ്ങിയിട്ടുണ്ടെന്ന മന്തി പി.രാജീവിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. ഭരണകാലത്ത് പാനാസോണിക്കിന്റെ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി. ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ജസ്റ്റീസ് രാമചന്ദ്രന്‍നായരും മുന്‍ ഡി.ജി.പി. ആയിരുന്ന ജക്കബ് പുന്നൂസും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കൂടിയ വില രേഖപ്പെടുത്തി ക്വെട്ടേഷന്‍ നല്‍കണമെന്ന് ലോക്‌നാഥ് ബെഹ്‌റ പാനാസോണിക് കമ്പനിയോട് ആവശ്യപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്. 2018-ല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിടാനോ നടപടി എടുക്കാനോ മുഖ്യമന്ത്രി തയറായിട്ടില്ല. അന്ന് വാങ്ങിയ ക്യാമറ ഇടപാടു മുതല്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

മടിയില്‍ കനമില്ലാത്തതിനാല്‍ ഇത് സംബന്ധിച്ചുളള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് ടെണ്ടര്‍ എടുപ്പിച്ച് കൂടിയ നിരക്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുകൊടുത്ത് ഇടനിലക്കാര്‍ കൊളള ലാഭം ഉണ്ടാക്കുകയാണ്.ഈ ഇടപാടുകളെല്ലാം ഒരു സ്ഥലത്തേയ്ക്ക് കേന്ദ്രീകരിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഭരണത്തുടര്‍ച്ചയോടെ എന്ത് അഴിമതി നടത്താനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന തോന്നലാണ് ഇടതുമുന്നണി സര്‍ക്കാരിനുളളതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

Signature-ad

എ.ഐ.ക്യമറാ വാങ്ങിയതിലെ ക്രമക്കേട് പകല്‍ പോലെ വ്യക്തമായപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രിയുടെ ആത്മാര്‍ത്ഥത ഊഹിക്കാവുന്നതേയുളളൂ. കേന്ദ്രനിയമം പറഞ്ഞ് മൂന്നു വയസില്‍ താഴെയുളള കുട്ടിയെപ്പോലും സ്‌കൂട്ടറില്‍ കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് പറഞ്ഞ ഗതാഗതമന്ത്രിയും ഗതാഗത സെക്രട്ടറിയും മൂന്നു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് ട്രെയിനില്‍ പോലും യാത്ര ഫ്രീ ആണെന്ന് അറിയില്ലേയെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. ഇതുപോലെയുളള കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ ഒന്നടങ്കം ഈ സര്‍ക്കാരിനെതിരേ രംഗത്ത് വരുമെന്നും അദേഹം പറഞ്ഞു.

Back to top button
error: