ചൂടിൽനിന്ന് രക്ഷപ്പെടാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചയാൾ! കൊടും വേനലിൽ തന്റെ കാറിനെ ചാണകത്തിൽ പൊതിഞ്ഞ് മധ്യപ്രദേശിൽ നിന്നുള്ള ഡോക്ടർ
ഒരു ശമനവും ഇല്ലാതെ ചൂട് അനുദിനം വർദ്ധിക്കുന്നതോടെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പല വഴികളാണ് ആളുകൾ തേടുന്നത്. എന്നാൽ, കാറിനുള്ളിലെ ചൂടു കുറയ്ക്കാൻ മറ്റാരും ചിന്തിക്കാത്ത ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു ഹോമിയോ ഡോക്ടർ. കൊടും വേനലിൽ തന്റെ കാറിനെ തണുപ്പിക്കാൻ സുശീൽ സാഗർ എന്ന ഈ ഡോക്ടർ കണ്ടെത്തിയിരിക്കുന്ന മാർഗം ചാണകം ആണ്. തന്റെ മാരുതി സുസുക്കി ആൾട്ടോ 800 -ന്റെ പുറത്ത് മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിൻറെ ഉൾഭാഗത്തെ തണുപ്പിക്കാൻ സഹായിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ചാണകം ഒരു നല്ല ഉഷ്ണ ശമനി ആണ് എന്നാണ് സുശീൽ സാഗർ പറയുന്നത്. ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പലപ്പോഴും വേനൽക്കാലത്ത് കാറിന് മുകളിലുള്ള ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചാണകം പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും ചുട്ടുപൊള്ളുന്ന വേനലിൽ കാർ ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഈ വിദ്യകൊണ്ട് ഒഴിവാക്കാമെന്നും ആണ് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ സാഗർ പറയുന്നത്.
കാറിലെ എസി യൂണിറ്റ് ഓൺ ചെയ്‌ത ഉടൻ തന്നെ കാറിനുള്ളിൽ കൂളിംഗ് ആരംഭിക്കാൻ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. അല്ലാത്തപക്ഷം എസി ഓൺ ആക്കിയാലും കാറിനുള്ളിൽ കൂളിംഗ് ലഭിക്കാൻ കുറച്ചു സമയം എടുക്കും എന്നും കൂടാതെ കാറിനുള്ളിലെ എസി അലർജി ഉള്ളവർക്കും ചാണകം പുരട്ടിയ ഇത്തരം കാറുകളിൽ യാത്ര ചെയ്യുന്നതിലൂടെ ചൂടിനെ മറികടക്കാൻ കഴിയുമെന്ന് ഇദ്ദേഹം വാദിക്കുന്നു. കാറിനു പുറത്തു തേക്കുന്ന ചാണകം വെള്ളം പറ്റുന്നില്ലെങ്കിൽ രണ്ടുമാസം വരെ ഒരുതവണ തേച്ച ചാണകം ഉപയോഗിക്കാം എന്നാണ് അഭിപ്രായപ്പെടുന്നത്.
This homeopathy doctor coated his car with cow dung to keep his car cool.
No AC, go organic !
*Ye technique India se bahar nahin jaani chahiye * pic.twitter.com/bhzrtnC4dW
— MrsG (@Marvellous_MrsG) April 24, 2023
ഇദ്ദേഹത്തിൻറെ ഈ ആശയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ നിരവധി ആളുകൾ ആണ് വിയോജിപ്പും ആയി എത്തിയത്. ഉണങ്ങിയ ചാണകം പെട്ടെന്ന് തീ പിടിക്കുന്ന വസ്തുവാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് വിറകിന് പകരം ഉപയോഗിക്കാറുണ്ടെന്നും പലരും ചൂണ്ടിക്കാണിച്ചു.