തൃശ്ശൂരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കണ്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോഴൊരു പുതിയ കാര്യമല്ല. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. നേരത്തെയും സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് മിക്കപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണം.
സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാ കാരണങ്ങള്‍ ബാറ്ററിയുമായി ബന്ധപ്പെട്ടതാണ്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ വരുന്നത് എന്ന് പറയുമ്പോള്‍ തന്നെയും ഇടയ്ക്കിടെ ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എല്ലായിപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്യുന്നത് നിര്‍മ്മാതാവിന്റെ തെറ്റ് കാരണം മാത്രമല്ല. സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങളും അത്തരമൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
കേടായ ബാറ്ററി
സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം.
അമിതമായി ചൂടാകുന്ന ബാറ്ററികള്‍
ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും. വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും. ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ കോളുകള്‍ക്കായോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ ഉപയോഗിച്ചാലും ബാറ്ററി ചൂടാകാന്‍ സാധ്യതയുണ്ട്.
ബാറ്ററി വീര്‍ക്കല്‍
ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്കും കൃത്യമായ ചാര്‍ജിങ് സൈക്കിള്‍ ഉണ്ട്. ലി-അയണ്‍ ബാറ്ററികളുടെ കാര്യത്തില്‍ ചാര്‍ജിങ് സൈക്കിള്‍ അവസാനിച്ച് കഴിഞ്ഞും അത് ഉപയോഗിച്ചാല്‍ വേഗത്തില്‍ തന്നെ ബാറ്ററി ബള്‍ജായി വരും. ഇത്തരത്തില്‍ വീര്‍ത്ത് വരുന്ന ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാറ്ററികള്‍ വീര്‍ത്ത് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ അവ മാറ്റി പുതിയത് വയ്ക്കുക.
വീഴ്ച്ചയും മറ്റ് കേടുപാടുകളും
ഫോണ്‍ കൈയ്യില്‍ നിന്നും വീഴുന്നത് സാധാരണ സംഭവമാണ്. നിങ്ങളുടെ ഫോണുകള്‍ ഇടയ്ക്കിടെ വീഴുന്നുണ്ട് എങ്കില്‍ കാഴ്ചയില്‍ കേടുപാടുകള്‍ ഇല്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വീഴുമ്പോഴുള്ള ആഘാതം ബാറ്ററി ഘടകങ്ങളിലേക്ക് ഷോക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള കാരണമാകുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ വരാനും സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചേക്കും. ഫോണിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്തും യൂട്യൂബ് വീഡിയോ പ്ലേ ചെയ്യാന്‍ വഴികളുണ്ട്
ചാര്‍ജറുകള്‍
കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തില്‍ നശിക്കുകയും ചെയ്യും. ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണം.