തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിനും അദ്ദേഹം കേരളത്തിന്റെ കൃതജ്ഞത അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന് ആകെ അഭിമാനമാണെന്നും പിണറായി വിജയന് പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗത
കൈവരിക്കാന്‍ സയന്‍സ് പാര്‍ക്ക് ഉപകരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ മേഖലകളില്‍ രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളം, നഗര ജലഗതാഗതത്തിലും രാജ്യത്തിന് ആകെ മാതൃകയാകാന്‍ പോവുകയാണ്. വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തവരായി ആരുംതന്നെയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണെന്നായിരുന്നു കേരളത്തിന് അനുവദിച്ച വന്ദേഭാരതിനെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമര്‍ശം. ”കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണ്. യുവാക്കള്‍ പറയുന്നത് പോലെ, അടിപൊളി വന്ദേഭാരതില്‍ അടിപൊളി യാത്രാ അനുഭവം ലഭിക്കുകയാണ്”- അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
”അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിങ് സിസ്റ്റം നടപ്പിലാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രാക്കിന്റെ ജ്യോമട്രി മാറ്റും. വളവുകള്‍ നിവര്‍ത്തും. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള യാത്ര ആറ് മണിക്കൂറും കാസര്ഗോട്ടേക്കുള്ളത് അഞ്ചര മണിക്കൂറുമായി കുറയ്ക്കും. നവീകരണത്തിന് മുഖ്യമന്ത്രിയുടെ പൂര്ണ്ണപിന്തുണയുണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട്. 2033 കോടി രൂപ കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ഈ വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിച്ചുവെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.