ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേള്‍ക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നു ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അധികാരമെന്നും ഹര്‍ജിയിലുണ്ട്.
അരിക്കൊമ്പനെ പാര്‍പ്പിക്കാന്‍ പറമ്പിക്കുളത്തിനു പകരം യോജിച്ച സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശത്തിനെതിരെയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിലും ആവര്‍ത്തിച്ചു.
കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നാണു ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം കണ്ടെത്താന്‍ 5 ദിവസത്തെ കാലാവധിയും ഹൈക്കോടതി നല്‍കിയിരുന്നു.