കോഴിക്കോട്: വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നല്കിയ സ്വീകരണത്തിനിടെ, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്പ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കും ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കം അപ്പം നല്കി സ്വീകരിച്ചു. ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം.
വന്ദേഭാരത് എക്സ്പ്രസില്‍ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തിയത്.
രാവിലെ 11.16 നാണ് വന്ദേഭാരത് ട്രെയിന്‍ കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്താന്‍ എടുത്തത് ആറു മണിക്കൂറും 7 മിനിറ്റും. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തിന് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും മുദ്രാവാക്യം ഉയര്‍ന്നു. രാവിലെ 5.10നാണ് വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.