ചണ്ഡീഗഡ്: ഭട്ടിന്‍ഡ സേനാ ക്യാംപിലെ വെടിവയ്പ്പില്‍ ഒരു ജവാന്‍ പിടിയില്‍. ഏപ്രില്‍ 12ന് നടന്ന വെടിവയ്പ്പില്‍ നാലു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ പഞ്ചാബ് പോലീസ് ഇന്ന് 12ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാലു ജവാന്മാരെ പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പിന്റെ ദൃക്‌സാക്ഷിയായ മേജര്‍ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ചുമത്തപ്പെട്ടത്.
ബുധനാഴ്ച പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെളുത്ത നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ച അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ പഞ്ചാബ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓഫിസര്‍മാരുടെ മെസിനു പിന്നിലെ ബാരക്കിനു സമീപം ഉറങ്ങുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 4.35നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഭീകരാക്രമണ സാധ്യതയില്ലെന്ന നിലപാടിലാണ് പോലീസ്.