Movie

എം.ജി.ആർ നായകനായ ഏകമലയാള ചിത്രം ‘ജെനോവ’യും സത്യൻ അഭിനയിച്ച ‘ലോകനീതി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 70 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

   ആദ്യമായി രണ്ട് മലയാള ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്‌തത്‌ 1953 ഏപ്രിൽ 17 നാണ്. എം.ജി.ആറിന്റെ ഒരേയൊരു മലയാള ചിത്രമായ ‘ജെനോവ’യും, സത്യൻ അഭിനയിച്ച ‘ലോകനീതി’യും. റോമൻ ചരിത്ര കഥയാണ് ജെനോവ. കേരള പശ്ചാത്തലത്തിൽ ഒരമ്മയ്ക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ മകൻ അതിജീവിക്കുന്ന കഥയാണ് ‘ലോകനീതി’യുടേത്.

യുദ്ധഭൂമിയിലായിരുന്ന  റോമൻ രാജാവിന്റെ (എംജിആർ) ഗർഭിണിയായ പത്നി ജെനോവയോട് (ബിഎസ് സരോജ) പ്രധാനമന്ത്രിക്ക് (ആലപ്പി വിൻസെന്റ്) ശൃംഗാരം. മന്ത്രിയുടെ നീക്കങ്ങൾ ചെറുത്ത ജെനോവയെയും ദൃക് സാക്ഷിയായ ഭൃത്യനെയും  പ്രധാനമന്ത്രി കാരാഗൃഹത്തിലടച്ചു. അവിടെ രാജ്ഞി ഒരു കുഞ്ഞിനെ പ്രസവിച്ചു. തിരിച്ചു വന്ന രാജാവ്, മന്ത്രിയുടെ നുണക്കഥകൾ വിശ്വസിച്ച് ഭൃത്യന്റെ തല വെട്ടാനും രാജ്ഞിയേയും കുഞ്ഞിനേയും കാട്ടിലേയ്ക്ക് കടത്താനും ആജ്ഞാപിച്ചു. പലനാൾ കള്ളൻ ഒരു നാൾ പെടുമല്ലോ. മന്ത്രിയെ സംശയിക്കുന്നു രാജാവ്. ഒരു മുഴം മുൻപേ എറിയുന്ന മന്ത്രിയുടെ ഗൂഢബുദ്ധിയിൽ രാജാവ് തടങ്കലിലായി. പരിചാരകൻ രാജാവിനെ തുറന്ന് വിട്ടു. കാട്ടിലെത്തി പ്രിയതമയെ കാണുകയെന്നതാണ് ലക്ഷ്യം. കാട്ടിലെത്തിയപ്പോൾ പ്രധാനമന്ത്രി അവിടെ. പൊരിഞ്ഞ യുദ്ധം. വിജയശ്രീലാളിതനായി  രാജാവ് കുടുംബസമേതം കൊട്ടാരത്തിലെത്തുന്നു.

സ്വാമി ബ്രഹ്മവ്രതൻ തിരക്കഥയും പ്രധാന ഗാനങ്ങളും എഴുതിയ ‘ജെനോവ’ എഫ് നാഗൂർ സംവിധാനം ചെയ്തു. 9 പാട്ടുകളുണ്ടായിരുന്നു. എംഎസ് വിശ്വനാഥൻ സംഗീതം നിർവ്വഹിച്ച ആദ്യ മലയാള ചിത്രമാണ് ജെനോവ. ജ്ഞാനമണി എന്നൊരു മറ്റൊരു സംഗീത സംവിധായകനുമുണ്ടായിരുന്നു. എ എം രാജയും പി ലീലയും പാടിയ ‘കണ്ണിന് പുണ്യമേകും ദിവ്യ പ്രേമസാരമേ’ ശ്രദ്ധേയമായി.

കുടുംബസ്വത്ത് തട്ടിയെടുത്ത സഹോദരനാൽ വഞ്ചിക്കപ്പെട്ട ദേവകിയമ്മയുടെ കഥയാണ് ‘ലോകനീതി’. സഹോദരന്റെ മകൻ ആഡംബരപ്രിയനും, ദേവകിയമ്മയുടെ മകൻ (സത്യൻ) അദ്ധ്വാനിയായിത്തീരുകയും ചെയ്യുന്ന ലോകനീതിയിൽ സ്വത്തിന്റെ കീഴ്മേൽമറിച്ചിലാണ് ചിത്രം പറഞ്ഞത്. സഹോദരൻ കൈയടക്കി വച്ചിരുന്ന സ്വത്ത്, അടുത്ത തലമുറയിൽ സഹോദരിയുടെ മകന് വന്നു ചേരുന്നു.

‘ബാലന്റെ’ കഥാകൃത്തായ മുതുകുളം രാഘവൻപിള്ളയുടെ രചന. ആർ വേലപ്പൻ നായരുടെ സംവിധാനം. അഭയദേവ്-ദക്ഷിണാമൂർത്തി ടീമിന്റെ 11 ഗാനങ്ങളിൽ ‘കണ്ണാ നീയുറങ്ങ്’ എന്ന താരാട്ട്പാട്ട് ശ്രദ്ധിക്കപ്പെട്ടു.

Back to top button
error: