പട്ന: ഇതര ജാതിക്കാരുമായി പ്രണയ ബന്ധത്തിലായതിന്റെ പേരില്‍ രണ്ട് പെണ്മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപ്പുരിലാണ് സംഭവം. പതിനെട്ടും പതിനാറും വയസ്സുള്ള പെണ്മക്കളെയാണ് പിതാവും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. റോഷ്നി, തന്നു എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കുട്ടികളുടെ മാതാവ് റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് നരേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ബിഹാറിലെ വൈശാലി ജില്ലയിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ പെണ്മക്കളുടെ മൃതദേഹങ്ങള്‍ക്കു സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി. എന്നാല്‍, പെണ്‍കുട്ടികളുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചാണ് ഇവര്‍ മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇതര ജാതിക്കാരുമായി പ്രണയത്തിലായതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാവ് പോലീസിനു മൊഴി നല്കി. തങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയും വീട്ടില്‍ അറിയിക്കാതെയും പെണ്‍കുട്ടികള്‍ കാമുകന്മാര്ക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്നും അമ്മ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടികള്‍ കാമുകന്മാര്ക്കൊപ്പം മുന്‍പ് ഒളിച്ചോടിയിരുന്നതായും പിന്നീട് നാട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും അയല്‍വാസികള്‍ പറഞ്ഞു.