കാസര്‍ഗോഡ്: പടക്കം പൊട്ടിക്കുന്നതിനിടെ റിസോര്‍ട്ടിന് തീപിടിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ട് ആണ് കത്തി നശിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ ഒരു മണിയോടെയാണ് സംഭവം. ആളപായമില്ല. അപകടത്തില്‍ പോലീസ് പരിശോധന നടത്തി.
വിഷു ആഘോഷത്തിന്റെ ഭാഗമായി സമീപത്ത് പടക്കം പൊട്ടിച്ചതാണ് അപകടകാരണം. ഓലമേഞ്ഞ കെട്ടിടത്തിന് മുകളിലേക്ക് പൊട്ടിത്തെറിച്ച പടക്കം വന്ന് വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് സമീപത്ത് നിന്ന് പൊട്ടിച്ച പടക്കം മേല്‍ക്കൂരക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
പുല്ല് മേഞ്ഞ മേല്‍ക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടര്‍ന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ ഓഫീസും, അനുബന്ധ ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലേശ്വരം പോലീസ് കേസെടുത്തു.