യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.എന്താണ് ഷെങ്കൻ വിസയെന്നും അതിന്‍റെ പ്രത്യേകതകൾ
എന്തെന്നും നോക്കാം.
യൂറോപ്പ് വിസ എന്നും അറിയപ്പെടുന്ന ഷെങ്കൻ വിസ 26 രാജ്യങ്ങളിൽ പ്രവേശനം അനുവദിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ‘വിസ ഫ്രീ സോൺ’ എന്നാണ് ഷെങ്കൻ ഏരിയ അറിയപ്പെടുന്നത്.(26 യൂറോപ്യൻ രാജ്യങ്ങൾ ചേരുന്നതാണ് ഷെങ്കൻ ഏരിയ) ആഭ്യന്തര അതിർത്തികൾ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഇവ ഉറപ്പു വരുത്തുന്നു.
ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്സ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളെന്ന് അറിയപ്പെടുന്നത്. മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ സ്റ്റേറ്റുകൾ ഷെങ്കന്‍ ഏരിയ അംഗങ്ങൾ അല്ലെങ്കിലും ഈ രാജ്യങ്ങളിലൂടെ ഒറ്റ രാജ്യത്തിനകത്ത് എന്നതുപോലെ ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം.
ഷെങ്കൻ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാൻ പാസ്പോർട്ട് ആവശ്യമില്ല.ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല.അന്താരാഷ്ട്ര യാത്രികരെ സംബന്ധിച്ച് ഷെങ്കൻ പ്രദേശം ഫലത്തിൽ ഒരൊറ്റ രാജ്യമായി വർത്തിക്കുന്നു. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനു ഷെങ്കൻ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ.1985
ലെ ഉടമ്പടിയിൽ നിന്നാണ് ഈ പ്രദേശത്തിന് ഷെങ്കൻ പ്രദേശം എന്ന പേരു ലഭിച്ചത്.
ഷെങ്കൻ വിസ അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം വേണ്ടത് ഷെങ്കൻ വിസ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും സമർപ്പിക്കണം.കുറഞ്ഞത് മൂന്നു മാസം കാലാവധിയുള്ള പാസ്പോർട്ട്, അതിൽ ഏറ്റവും കുറഞ്ഞത് 2 ശൂന്യമായ പേജുകൾ, നേരത്തെയുള്ള വിസകൾ, റൗണ്ട് ട്രിപ്പ് യാത്രാ വിശദാംശങ്ങൾ (itinerary), ട്രാവൽ ഹെൽത്ത് ഇൻഷുറൻസ്, യാത്രയിലെ താമസസൗകര്യങ്ങളുടെ വിശദാംശങ്ങൾ, യാത്ര ചിലവിനു ആവശ്യമായ പണം കാണിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്‍റ് എന്നിവയും വേണം.
യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഏതു രാജ്യത്താണോ ഇറങ്ങുവാൻ ഉദ്ദേശിക്കുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുവാൻ. അവിടെ നിന്നും വിസ കിട്ടിക്കഴിഞ്ഞാൽ മറ്റു ഷെന്‍ങ്കൻ രാജ്യങ്ങളും ഇതിനെ അംഗീകരിക്കുന്നതിനാൽ പ്രശ്നങ്ങളൊന്നുമില്ല. അതിർത്തി കടക്കുന്ന ബുദ്ധിമുട്ടുകളും വലിയ പരിശോധനകളും ഒന്നുമില്ലാതെ അടുത്ത രാജ്യത്തേയ്ക്ക് ഇങ്ങനെ കടക്കുവാൻ സാധിക്കും.
ഇന്ത്യയിൽനിന്നുള്ളവർക്കുള്ള ഷെങ്കൻ വിസ ആപ്ലിക്കേഷൻ ഫീസ്
ഷെങ്കൻ വിസ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനൊപ്പം തന്നെ ആപ്ലിക്കേഷൻ ഫീസ് കൂടി അടയ്ക്കേണ്ടതായുണ്ട്.13 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് 80 യൂറോ അല്ലെങ്കിൽ 6,457.21രൂപ 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾ 40 യൂറോ അല്ലെങ്കിൽ 3,227.84 രൂപയും ആണ്. ആറു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഷെങ്കൻ വിസ ഫീസ് ഇല്ല. ഇന്ത്യയിൽ നിന്നും രാജ്യത്ത് സ്ഥിതി ചെയ്യുന്ന എംബസി, യൂറോപ്യൻ യൂണിയൻ / ഷെങ്കൻ രാജ്യങ്ങളുടെ കോൺസുലേറ്റ് വഴി അപേക്ഷിക്കുമ്പോൾ ഇന്ത്യൻ കറൻസിയിൽ തന്നെ പണം അടയ്ക്കേണ്ടതാണ്.
ആപ്ലിക്കേഷൻ ഫീസിൽ ഇളവുള്ള ഇന്ത്യക്കാർ
1. ഡിപ്ലോമാറ്റിക്, ഒഫീഷ്യൽ അല്ലെങ്കിൽ സര്‍വീസ് പാസ്പോർട്ട് ഉള്ള ഇന്ത്യക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി യൂറോപ്പിലേക്ക് വരുമ്പോൾ2. ഇയു/ ഇഇയു പൗരന്‍റെ കുടുംബാംഗങ്ങൾ3. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ, ബിരുദ , ബിരുദാനന്തര വിദ്യാർത്ഥികൾ, അവരുടെ കുട്ടികൾ എന്നിവർക്ക് വിദ്യാഭ്യാസ, പരിശീലന ആവശ്യങ്ങൾക്കായി യൂറോപ്പിലേക്ക് പോകുമ്പോൾ4. ഗവേഷണത്തിനായി പോകുന്ന ഇന്ത്യയിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികൾ,5.ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കാണ് ഷെങ്കൻ വിസ ആപ്ലിക്കേഷൻ ഫീസിൽ ഇളവുള്ളത്.