
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപുരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
പൊലീസ് വാഹനങ്ങളും പാസഞ്ചര്‍ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ട്രാക്കുകള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസര്‍ഗഞ്ചിലും പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസ് പ്രക്ഷോഭകര്‍ അടിച്ചു തകര്‍ത്തതായും പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരുടെ ആശങ്കകള്‍ അകറ്റുന്നതിനും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധ രംഗത്തുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ മുര്‍ഷിദാബാദില്‍ മുമ്പ് നടന്ന പ്രതിഷേധ റാലിയും അക്രമത്തിലേക്ക് നയിച്ചിരുന്നു. ഇതിനിടെ അക്രമ സംഭവങ്ങളില്‍ ഇടപെട്ട ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.