KeralaNEWS

വിഷു-  കേരളത്തിന്റെ കാര്‍ഷികോത്സവം, വിഷുവിന്റെ ചരിത്രവും ഐതിഹ്യവും ആഘോഷവും

   കേരളത്തിലെ കാര്‍ഷികോത്സവമായ വിഷു നാളെയാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ഈ ഉത്സവ ദിനങ്ങളുടെ വരവ് അടയാളപ്പെടുത്തി കണിക്കൊന്ന വ്യാപകമായി പൂത്തുലഞ്ഞു നില്‍ക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. സാധാരണയായി ഏപ്രില്‍ 14 അല്ലെങ്കില്‍ 15 തീയതികളിലാണ് വിഷു വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ 15 നാണ് വിഷു. കേരളത്തില്‍ വിഷു പ്രാദേശിക അവധിയാണ്.

ചരിത്രം

ഭാസ്‌കര രവിവര്‍മന്റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണമല്ലാത്ത ഒരു ശാസനത്തില്‍ ‘ചിത്തിര വിഷു’വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്‌കര രവിവര്‍മ്മന്റെ കാലം എഡി 962 – 1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു ഒരംഗീകൃത ആഘോഷമായിരുന്നു എന്നാണ് നിഗമനം. എഡി 844 – 855 കാലഘട്ടത്തില്‍ സ്ഥാണു രവിയെന്ന രാജാവിന്റെ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വലിലും വിഷുവിനെ പരാമര്‍ശിച്ചിട്ടുണ്ട്.

വിഷുവും സൂര്യനും

ഭൂമിശാസ്ത്രപരമായും ജ്യോതിഷപരമായും പ്രസക്തിയുള്ള വിഷു ദിനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ‘വിഷു’ എന്ന പദത്തിനര്‍ത്ഥം തുല്യമായത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനമാണ് വിഷു. ഒരു വര്‍ഷത്തില്‍ ദക്ഷിണായനം, ഉത്തരായനം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേതില്‍, സൂര്യന്‍ ഭൂമധ്യരേഖയുടെ തെക്ക് ഭാഗത്താണ്, രണ്ടാമത്തേതില്‍ അത് വടക്ക് വശത്താണ്. ഇതുമൂലം, ഒരു ഘട്ടത്തില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കും, രാത്രി കുറവായിരിക്കും; മറ്റൊരു ഘട്ടത്തില്‍ വിപരീതമാണ് സംഭവിക്കുന്നത്. തുലാ വിഷുവും മേട വിഷുവും മാത്രമാണ് ഭൂമധ്യരേഖാ രേഖയില്‍ സൂര്യന്‍ ഉദിക്കുന്ന രണ്ട് ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും

ഐതിഹ്യം

ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചത് ഈ (വിഷു) ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു കഥ അസുരരാജാവായ രാവണനുമായി ബന്ധപ്പെട്ടതാണ്. രാവണന്‍ ഒരിക്കലും സൂര്യനെ കിഴക്ക് നിന്ന് നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല, രാവണ വധത്തിന് ശേഷം ഒരു വിഷു ദിനത്തിലാണ് സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കാന്‍ തുടങ്ങിയത് എന്നാണ് വിശ്വാസം.

വിഷു ആഘോഷം

വിഷുക്കണി അഥവാ മംഗളകരമായ വസ്തുക്കളുടെ ദര്‍ശനം വിളവെടുപ്പുത്സവമായ വിഷുവിനോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ്. വിഷു പുലര്‍ച്ചെ ആദ്യം കാണുന്ന വസ്തുവാണ് വരും വര്‍ഷത്തേക്കുള്ള ഐശ്വര്യം നിര്‍ണയിക്കുന്നത് എന്നാണ് വിശ്വാസം. അതിനാല്‍, ഒരു കൂട്ടം മംഗളകരമായ വസ്തുക്കള്‍ രാവിലെ ആദ്യം കാണാന്‍ ക്രമീകരിക്കും. ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കാറുണ്ട്. ഗുരുവായൂര്‍ , ശബരിമല , കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ വിഷു ആഘോഷങ്ങള്‍ക്കും വിഷുക്കണി ദര്‍ശനത്തിനും പ്രസിദ്ധമാണ്.

വിഷു ആഘോഷത്തോടനുബന്ധിച്ച് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന വിഷുക്കൈനീട്ടം ഒരു പ്രധാന ചടങ്ങാണ്. വിഷു നാളില്‍ വിഷുക്കണി ദര്‍ശിച്ച ശേഷം ഒരു കുടുംബത്തിലെ മുതിര്‍ന്നയാള്‍ കുടുംബത്തിലെ ഇളയ അംഗങ്ങള്‍ക്ക് പണം കൈമാറുന്നു. വിഷുവിനോടനുബന്ധിച്ച് പടക്കം പൊട്ടിക്കാറുമുണ്ട്. സദ്യകള്‍ തയ്യാറാക്കുകയും മറ്റ് കുടുംബാംഗങ്ങളോടും അയല്‍വാസികളോടും ഒപ്പം ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു.

Back to top button
error: