ഗവര്‍ണര്‍ ഔട്ട്! ഗവര്‍ണര്‍ അടയിരുന്ന പത്തു ബില്ലുകളും പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നടപടി സുപ്രീം കോടതി ഉത്തരവിനു പിന്നാലെ; ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാകുന്നത് ഇന്ത്യയില്‍ ആദ്യം

ചെന്നൈ: രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ നീക്കി വച്ച 10 ബില്ലുകളും നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ബില്ലുകളിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രധാന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവി ബില്ലുകള്‍ തടഞ്ഞുവെച്ചതിന് എതിരായ വിധിയിലാണ് സുപ്രധാന നിര്‍ദേശം. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിര്‍ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തത്തി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘാടനാപരമല്ല. കോടതിക്ക് ഭരണഘടനാഭേദഗതി വരുത്താനാവില്ല. പാര്‍ലമെന്റും നിയമസഭകളും പിന്നെ എന്തിനാണെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചു.