Breaking NewsLead NewsNEWSSportsTRENDING

ക്യാപ്റ്റന്‍സിയിലും പിഴച്ചു; ഇനിയെന്താണു ധോണിയുടെ ഭാവി? ഗൗരവമായ ചോദ്യങ്ങളുന്നയിച്ച് മുഹമ്മദ് കെയ്ഫ്; തോറ്റെങ്കിലും മഞ്ഞപ്പടയ്ക്ക് തിരിച്ചുവരാന്‍ രണ്ടു സാധ്യതകള്‍; മുന്നിലുള്ളത് എട്ടു മത്സരങ്ങള്‍; കണക്കുകൂട്ടി കളിച്ചാല്‍ പ്ലേ ഓഫില്‍ എത്താന്‍ മാര്‍ഗമുണ്ട്

ചെന്നൈ: കൊല്‍ക്കത്തയ്‌ക്കെതിരേ 103/9 എന്ന നിലയില്‍ തവിടുപൊടിയായ ചെന്നൈയില്‍ എം.എസ്. ധോണിയെന്ന ക്യാപ്റ്റന്റെ സ്ഥാനമെന്ത്? മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ വാക്കുകള്‍ ഗൗരവത്തോടെയാണു ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീം തുടര്‍ച്ചയായ കളികളില്‍ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരു കളിയില്‍ മാത്രമാണ് ബാറ്റ്‌സ്മാന്‍മാര്‍ പ്രകടനം പുറത്തെടുത്തത്. എല്ലാവരും മികച്ച കളിക്കാരാണെങ്കിലും ഫോം കണ്ടെടുക്കാന്‍ കഴിയാത്തതാണു പ്രശ്‌നം. ഇതിനു പിന്നാലെയാണു ടീം ഫ്രാഞ്ചൈസിയെയും ധോണിയെയും വിലയിരുത്തി കെയ്ഫിന്റെ ഗൗരവമുള്ള നിരീക്ഷണം വന്നത്.

Signature-ad

‘ഇതു ധോണിയുടെ അവസാന സീസണ്‍ ആണോ?’ ഇതു മാറ്റത്തിനുള്ള സമയമാണോ? എന്തുകൊണ്ടാണ് എതിരാളികള്‍ക്കു നരെയ്‌നെയും വരുണിനെയും പോലുള്ള സ്പിന്നര്‍മാരുള്ളപ്പോള്‍ ഹോം ഗ്രൗണ്ടില്‍ സ്ലോ പിച്ച് തെരഞ്ഞെടുത്തത്? ക്യാപ്റ്റന്‍സിയിലെ പിഴവിലേക്കടക്കം ഊന്നുന്നതാണു കെയ്ഫിന്റെ വിലയിരുത്തല്‍. ഏറ്റവുമൊടുവിലെ കഴിയില്‍ കോണ്‍വേ നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീടു ബാറ്റ്‌സ്മാന്‍മാര്‍ക്കു താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊയീന്‍ അലി കണക്കുകൂട്ടി പന്തെറിഞ്ഞതോടെ മെയ്ഡന്‍ ഓവറിനൊപ്പം കോണ്‍വെയെയും മടക്കി. രചിന്‍ രവീന്ദ്രയും പിന്നാലെ പോയി.

ഒടുവില്‍ ധോണി ഗ്രൗണ്ടിലെത്തിയതോടെ ‘തല’ എന്ന് കാണികള്‍ അലറിയെങ്കിലും നാലു ബോളില്‍ ഒരു റണ്‍ എടുത്ത് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. ധോണി റിവ്യൂ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. ആറു മല്‍സങ്ങളില്‍ അഞ്ചിലും തോറ്റ ചെന്നൈയ്ക്കു വിജയിക്കാനായത് ഒന്നില്‍ മാത്രമാണ്.. ആദ്യ കളിയില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊണ്ടു തുടങ്ങിയെങ്കിലും അതിനു ശേഷം തുടര്‍ച്ചയായി അഞ്ചു തോല്‍വികളിലേക്കു സിഎസ്‌കെ കൂപ്പുകുത്തുകയും ചെയ്തു.

പ്ലേ ഓഫ് സാധ്യതകള്‍ക്കു മങ്ങലുണ്ടായെങ്കിലും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കാണ് പ്ലേഓഫിലേക്കു അര്‍ഹത ലഭിക്കുക. ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിനു തുല്യമായ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ക്കു നേരിട്ടു ഫൈനലിലേക്കു യോഗ്യത ലഭിക്കും. എന്നാല്‍ തോല്‍ക്കുന്ന ടീമിനു ഒരവസരം കൂടിയുണ്ട്.

പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്ററിലാണ് കൊമ്പുകോര്‍ക്കുക. ഇതില്‍ ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്കു യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവും. നേരത്തേ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്റര്‍ വിജയിയും തമ്മിലായിരിക്കും രണ്ടാം ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്നര്‍ ഫൈനലില്‍ കടക്കുകയും ചെയ്യും.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കാര്യമെടത്താല്‍ അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. ആറു മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു വിജയം മാത്രമുള്ള അവര്‍ക്കു ഇപ്പോള്‍ രണ്ടു പോയിന്റ് മാത്രമേയുള്ളൂ. -1.554 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റുമാണ് ഇപ്പോള്‍ ചെന്നൈയ്ക്കുള്ളത്.

ഈ സീസണില്‍ ചെന്നൈയ്ക്കു ഇനിയും എട്ടു മല്‍സങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ ഏഴെണ്ണം വിജയിക്കാനായാല്‍ അവര്‍ക്കു 16 പോയിന്റാവും. സാധാരണയായി 16 പോയിന്റ് ലഭിക്കാറുള്ള ടീമുകള്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടാറുണ്ട്. അതുകൊണ്ടു തന്നെ ചെന്നൈയ്ക്കു ഇപ്പോഴും പ്ലേഓഫ് സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ബാക്കിയുള്ള എട്ടു മല്‍സങ്ങളിലും ജയിക്കാനായാല്‍ അവര്‍ക്കു ഉറപ്പായും പ്ലേഓഫില്‍ കടക്കാന്‍ സാധിക്കും.

എട്ടു മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് ചെന്നൈക്കു ജയിക്കാന്‍ സാധിക്കുകയെങ്കില്‍ 14 പോയിന്റാണ് അവരുടെ അക്കൗണ്ടിലുണ്ടാവുക. ഭാഗ്യം കൂടി തുണച്ചാല്‍ ഇത്ര പോയിന്റ് ലഭിച്ചാലും അവര്‍ പ്ലേഓഫില്‍ കടന്നേക്കും. നേരത്തേ ചില സീസണികളില്‍ 14 പോയിന്റ് നേടിയ ടീമുകളും പ്ലേഓഫിലെത്തിയിട്ടുണ്ടെന്നത് ചെന്നൈയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. പക്ഷെ ഇതിനായി അവര്‍ക്കു നെറ്റ് റണ്‍റേറ്റ് മെപ്പെടുത്തേണ്ടതുണ്ട്. നിലവിലെ നെറ്റ് റണ്‍റേറ്റ് വളരെ മോശമായതിനാല്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അതു മെച്ചപ്പെടുക്കാന്‍ സാധിക്കുകയുളളൂ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: