അ ടുക്കളത്തോട്ടത്തില് പുതിയ വിളകള്‍ വളര്‍ന്നു വരുന്ന സമയമാണിപ്പോള്‍. വെണ്ട, പയര്‍, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ നല്ല പോലെ വളര്‍ന്നു തുടങ്ങിയിട്ടുണ്ടാകും. പല സ്ഥലത്തും പുതുമഴ കിട്ടിക്കഴിഞ്ഞു. അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ സജീവമായിക്കഴിഞ്ഞു. ഈ സമയത്ത് പ്രയോഗിക്കാന്‍ അനുയോജ്യമായ ചില നാട്ടറിവുകള്‍ പരിശോധിക്കാം. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകുമിവ.
1. നിലവിലുള്ള വിളകള്‍ക്കും പുതിയതായി നടുന്നവയ്ക്കും നിര്‍ബന്ധമായി പുതയിടണം.
ഉണങ്ങിയ ഇലകള്‍, മറ്റ് ജൈവ അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പുതിയിട്ടുന്നത് മണ്ണില്‍ ഈര്‍പ്പം നില്‍ക്കാനും ചൂടിനെ പ്രതിരോധിക്കാനുമേറെ സഹായിക്കും.
2. രണ്ടു നേരം നന നിര്‍ബന്ധമാണ് ഈ സമയത്ത്. എന്നാല്‍ മാത്രമേ പച്ചക്കറികള്‍ നല്ല പോലെ പൂത്ത് കായ്ക്കുകയുള്ളൂ.
3. പച്ചക്കറിച്ചെടികള്‍ക്ക് വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്.
4. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ച് വളരും.
5. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.
6. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.
7. റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവമുണ്ടെങ്കില്‍ കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കുന്നതു നല്ലതാണ്.
8. റോസ് ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കുക.
9. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം.
10. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും.