വെടിക്കെട്ടു കളിയിലെ മികച്ച ക്യാപ്റ്റന്‍മാര്‍ ആര്? പത്തു ടീമുകളില്‍ ഒമ്പതിലും നായകരായി ഇന്ത്യന്‍ താരങ്ങള്‍; വമ്പന്‍ തോല്‍വിയായി റിതുരാജ്; തകര്‍പ്പന്‍ കളിയുമായി ശ്രേയസ്; മോശമാക്കാതെ സഞ്ജുവും: ‘തല’ മുതല്‍ ‘വാല്‍’ വരെയുള്ള പത്തു ക്യാപ്റ്റന്‍മാര്‍

ബംഗളുരു: ഇരുപതോവര്‍ വെടിക്കെട്ടു കളിയില്‍ അതേ വേഗത്തില്‍ തീരുമാനമെടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ഫീല്‍ഡിംഗ് പൊസിഷന്‍ മുതല്‍ ഓരോ സ്‌പെല്ലുകളും നിര്‍ണായകമാണ്. എതിര്‍ടീമിന്റെ കളിക്കാരനെ പഠിച്ചെടുക്കേണ്ട തീരുമാനം പിഴച്ചാല്‍ കളി കൈയില്‍നിന്നു പോകും. ഇവിടെയാണ് ഐപിഎല്‍ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്റെ സ്ഥാനം നിര്‍ണായകമാകുന്നത്. നിലവില്‍ കളിക്കുന്ന പത്തില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്‌സിനെ മാത്രമാണു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന വിലയിരുത്തലും കാര്യമായി നടക്കുന്നുണ്ട്.
1. ശ്രേയസ് അയ്യര്‍
ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ പഞ്ചാബ് ക്യാപ്റ്റര്‍ ശ്രേയസ് അയ്യരാണ് മുമ്പില്‍. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിംഗിലും മിടുക്കന്‍. കഴിഞ്ഞ സീസണല്‍ കൊല്‍ക്കത്തയ്ക്കായി കപ്പടിച്ചശേഷമാണു പഞ്ചാബില്‍ എത്തിയത്. ഈ സീസണില്‍ കളിച്ച നാലില്‍ മൂന്നിലും വിജയിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നാല് ഇന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.
2. അക്ഷര്‍ പട്ടേല്‍

റാങ്കിംഗില്‍ രണ്ടാമന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍. ക്യാപ്റ്റനായ ശേഷമുള്ള കന്നി സീസണില്‍ തന്നെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് ഡിസി. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുമുണ്ട്. എന്നാല്‍, അക്ഷറിന്റെ വ്യക്തിഗത പ്രകടനം അത്ര മികച്ചതല്ല. മൂന്നിന്നിങ്സുളില്‍ നിന്നും 58 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ബൗളിങില്‍ വിക്കറ്റുമില്ല.
3. ശുഭ്മാന്‍ ഗില്‍
മൂന്നാമത്തെ മികച്ച ക്യാപ്റ്റന്‍ ഗുജറാത്തിന്റെ ശുഭ്മന്‍ ഗില്ലാണ്. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ് 2022-ലെ ചാംപ്യന്‍മാര്‍ കൂടിയായ ജിടി. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചു. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും തിളങ്ങാന്‍ ഗില്ലിനായിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കം 148 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
4. രജത് പാട്ടീദാര്‍
റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാട്ടീദാറാണ് നാലാം സ്ഥാനത്ത്. നായകനായി കന്നി സീസണ്‍. പോയിന്റ് പട്ടികയില്‍ ആര്‍സിബി ടീം നാലാമതുമുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ മൂന്നില്‍ ജയിച്ചു. അഞ്ച് ഇന്നിംഗ്‌സില്‍നിന്ന് രണ്ടു 50 അടക്കം 186 റണ്‍സ് നേടി.
5. സഞ്ജു സാംസണ്‍
രാജ്സ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണാണ് പട്ടികയില്‍ അഞ്ചാമന്‍. ആദ്യ മൂന്നു കളിയും റിയാന്‍ പരാഗാണു നയിച്ചത്. അതിനു ശേഷമാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയത്. അദ്ദേഹത്തിനു കീഴില്‍ ഒരു മല്‍സരം ജയിച്ച റോയല്‍സ് രണ്ടാമത്തേതില്‍ തോല്‍ക്കുകയും ചെയതു. ബാറ്റിങിലും സഞ്ജു മോശമാക്കിയില്ല. അഞ്ചിന്നിങ്സില്‍ 178 റണ്‍സ് താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
അവസാന അഞ്ചില്‍ അജിന്‍ക്യ രഹാനെയടക്കം ഉള്‍പ്പെടും. ആറാംസ്ഥാനത്താണു രഹാനെയുടെ സ്ഥാനം. ഭേദപ്പെട്ട പ്രകടനമാണ് രഹാനെയ്ക്കു കീഴില്‍ കെകെആര്‍ നടത്തുന്നത്. ആറു മല്‍സരങ്ങളില്‍ മൂന്നു വീതം ജയവും തോല്‍വിയുമാണ് ടീമിനു നേടാനായത്. നിലവില്‍ ലീഗിലെ മൂന്നാംസ്ഥാനക്കാരാണ് അവര്‍.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഏഴാമത്.. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും അദ്ദേഹത്തിനു കീഴില്‍ ടീം പതറുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച മുംബൈ ശേഷിച്ച നാലും തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ എട്ടാമതാണ് മുംബൈ.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ റിഷഭ് പന്താണ് എട്ടാമത്. അഞ്ചു മല്‍സരങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ എല്‍എസ്ജി കളിച്ചത്. ഇതില്‍ മൂന്നെണ്ണം ജയിച്ചു. ബാറ്റിംഗില്‍ പതറുകയാണു പന്ത്. നാല് ഇന്നിങ്സില്‍ അദ്ദേഹം നേടിയത് വെറും 19 റണ്‍സാണ്.
ഒമ്പതാമന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സാണ് ഒമ്പതാമന്‍. കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ എസ്ആര്‍എച്ച് ഇപ്പോള്‍ അവസാന സ്ഥാനക്കാരാണ്. അഞ്ചതു കളിയില്‍ നാലും തോറ്റ അവര്‍ക്കു ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ റിതുരാജ് ഗെയ്ക്വാദാണ് സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍. പരിക്കു കാരണം അദ്ദേഹം സീസണിലെ ബാക്കിയുളള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളിലാണ് റുതുരാജിനു കീഴില്‍ സിഎസ്‌കെ കളിച്ചത്. നാലിലും തോല്‍ക്കുകയായിരുന്നു. നിലവില്‍ എംഎസ് ധോണിയാണ് ചെന്നൈയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍.