Breaking NewsKeralaLead NewsNEWS

‘പുറത്തുനിന്നുള്ളവര്‍ ഇനി കോടതി വളപ്പിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കേണ്ട’; മഹാരാജാസ് വിദ്യാര്‍ഥികളോട് ‘കടക്കു പുറത്ത്’ പറഞ്ഞ് ബാര്‍ അസോസിയേഷന്‍; തീരുമാനം അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ; അഭിഭാഷകര്‍ കോളജ് വളപ്പിലേക്കു കല്ലേറും നടത്തി

കൊച്ചി: നഗരത്തിലുണ്ടായ അഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ കന്റീന്‍ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവര്‍ക്കാണെങ്കിലും ലക്ഷ്യം വിദ്യാര്‍ഥികളാണ്. ഇവിടെയുള്ള രണ്ടു കന്റീനുകളിലും ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതിനു പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിരുന്നു.

”അസോസിയേഷന്റെ പരിപാടിക്ക് വന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കാറുണ്ട്. ഞങ്ങള്‍ അതു പ്രശ്‌നമാക്കാറില്ല. ആദ്യം കുറച്ചു പേര്‍ വരും. പ്രശ്‌നമില്ലെന്ന് കണ്ടാല്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തും. പരിപാടിക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം തികയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അതിനു ശേഷം പക്ഷേ വനിതാ അഭിഭാഷകര്‍ക്കും കുടുംബങ്ങള്‍ക്കുമൊക്ക ഇടയില്‍ കയറി ഡാന്‍സ് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ പറഞ്ഞുവിട്ടത്. പിന്നീടായിരുന്നു ആക്രമണം. കന്റിനില്‍ ഇനി പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്നത് ജനറല്‍ ബോഡി തീരുമാനമാണ്. അഭിഭാഷകര്‍, ക്ലാര്‍ക്കുമാര്‍ ഉള്‍പ്പെടെ കോടതിയിലെ മറ്റു ജീവനക്കാര്‍, കക്ഷികള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് ജനറല്‍ ബോഡി തീരുമാനിച്ചിട്ടുള്ളത്.” എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു.

Signature-ad

അഭിഭാഷകര്‍ മഹാരാജാസ് കോളജ് വളപ്പിലേക്കു കല്ലെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് ഒരു വശം മാത്രമാണെന്ന് ആന്റോ തോമസ് പറഞ്ഞു. ജനറല്‍ ബോഡി യോഗം കഴിഞ്ഞിറങ്ങിയ തങ്ങളെ വിദ്യാര്‍ഥികള്‍ തെറി വിളിക്കുകയും കല്ലെറിയുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അഭിഭാഷകര്‍. വിദ്യാര്‍ഥികള്‍ തെറിവിളിക്കുന്നതിന്റെ വിഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു.

എന്നാല്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതിനു ശേഷമുണ്ടായ കാര്യങ്ങളാണ് സംഘര്‍ഷത്തിനു കാരണമായതെന്ന ആരോപണം എസ്എഫ്‌ഐ നിഷേധിച്ചു. ഗേറ്റിനു സമീപം നിന്ന ചില അഭിഭാഷകര്‍ വിദ്യാര്‍ഥികളോടു മോശമായി പെരുമാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് എന്നാണ് സംഘടനയുടെ വാദം. ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളും നടക്കുന്നുണ്ട് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: