മംഗളൂറു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ. രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതന്‍’ എകെ ആന്റണി മകനെക്കുറിച്ചെന്നപോലെ തിമ്മപ്പ മകളുടെ തീരുമാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സിലും ഏറെ ശ്രമം നടത്തിയിരുന്നു.
‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെ എന്നിവര്‍ നവാഗതക്ക് പാര്‍ട്ടി പതാക കൈമാറി.
രാജനന്ദിനി സൊറാബ്, സാഗര മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് യദ്യൂരപ്പ പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹമായ പദവി നല്‍കുമെന്ന് യദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.