ന്യൂഡൽഹി: രാജ്യത്ത് ഞായറാഴ്ചയും പ്രതിദിന കോവിഡ് കേസുകൾ അയ്യായിരത്തിനു മുകളിൽ. 5,357 കോവിഡ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 6155 പേർക്കായിരുന്നു ശനിയാഴ്ച കോവിഡ് ബാധിച്ചത്.
നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,814 ആയി. കോവിഡ് ബാധിച്ച് 11 മരണവും രാജ്യത്തുണ്ടായി. 3,726 പേർ രോഗമുക്തരായി. രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതകരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. തയ്യാറെടുപ്പുകളുടെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ആശുപത്രികളിൽ കോവിഡ് മോക് ഡ്രിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് തയ്യാറെടുപ്പുകൾ നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഹരിയാനയിലും പുതുച്ചേരിയിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണമെന്നും കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണമെന്നും മന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു.