ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്നതിന്റെ തുടക്കമാണിത്. സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി നൽകി അഞ്ച് വർഷത്തിന് ശേഷം സൗദി അറേബ്യ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാനും ഒരുങ്ങി കഴിഞ്ഞു. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്ക് ഒരുങ്ങാൻ സൗദിയിലെ കഴിവുള്ള വിദഗ്ധരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി. ആദ്യത്തെ സൗദി വനിത ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് ബഹിരാകാശയാത്രികർ മെയ് 8ന് ഫ്ലോറിഡയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ കമ്പനിയുടെ പേടകത്തിൽ യാത്രയാകുമെന്ന് ആക്‌സിയം സ്‌പേസ്, നാസ അധികൃതർ അറിയിച്ചു.
സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ സൗദി വനിത. കൂടാതെ സൗദിയിൽ നിന്നുള്ള പോർവിമാന പൈലറ്റായ അലി അൽ ഖർനിയും ഈ ദൗത്യത്തിൽ ചേരുന്നുണ്ട്. മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണും പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരൻ ജോൺ ഷോഫ്‌നറും ഇവർക്കൊപ്പം രാജ്യാന്തര നിലയം സന്ദർശിക്കും.
സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ആക്‌സിയം മിഷൻ 2 (ആക്‌സ്-2) വിക്ഷേപണം മെയ് 8 ന് കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നടക്കുക. നാലംഗ സംഘം സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂളിൽ ഐഎസ്‌എസിലേക്ക് യാത്ര ചെയ്യുകയും ബഹിരാകാശ നിലയത്തിൽ 10 ദിവസം ചെലവഴിക്കുകയും ചെയ്യും. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തേതാണ് ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യം. എന്നാൽ എണ്ണ സമ്പന്നമായ രാജ്യത്തിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യ യാത്രയല്ല ഇത്. 1985 ൽ പോർവിമാന പൈലറ്റായ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് യുഎസ് സംഘടിപ്പിച്ച ബഹിരാകാശ യാത്രയുടെ ഭാഗമായിരുന്നു. അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും നിരവധി ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
പുതിയ പദ്ധതിയുടെ ഭാഗമായി പുരുഷ ബഹിരാകാശയാത്രികർക്കൊപ്പം വനിതാ ബഹിരാകാശയാത്രികയും ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ സൗദി സ്പേസ് കമ്മിഷൻ അതോറിറ്റി അറിയിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമാണ്. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയുടെ പുരോഗതിക്കായി ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ ഈ പദ്ധതി വഴി ബഹിരാകാശ സഞ്ചാരികളെ പ്രാപ്തരാക്കുമെന്ന് സൗദി സ്പേസ് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ബഹിരാകാശയാത്രികയെ അയയ്ക്കുന്നത് വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണെന്നും മനുഷ്യരാശിയെ മികച്ച രീതിയിൽ സേവിക്കാൻ സഹായിക്കുന്നതിനാണ് സൗദി ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബഹിരാകാശം കീഴടക്കി എങ്ങനെ മനുഷ്യരാശിയെ സേവിക്കാൻ കഴിയിയുമെന്നാണ് സൗദി അറേബ്യയുടെ പദ്ധതികളെല്ലാം ലക്ഷ്യമിടുന്നത്. ഗവേഷകർക്കും വിനോദസഞ്ചാരികൾക്കുമായി സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹൂസ്റ്റണിലെ ആക്‌സിയം സ്‌പേസുമായി കഴിഞ്ഞ വർഷം ആദ്യം തന്നെ സൗദി അറേബ്യ കരാർ ഒപ്പുവച്ചിരുന്നു.