KeralaNEWS

ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദ​ന്റെ രാഷ്ട്രീയ പ്രവേശനം? പ്രതികരണവുമായി നടൻ

ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രചരണങ്ങള്‍ക്കിടെ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ പറയുന്നു

Signature-ad

“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”,
ഉണ്ണി മുകുന്ദന്‍

വിഷ്ണു അരവിന്ദ് ആണ് ഗന്ധര്‍വ്വ ജൂനിയറിന്‍റെ സംവിധാനം. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഒപ്പം ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലാണ് നിര്‍മ്മാതാക്കള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

Back to top button
error: