KeralaNEWS

ആഴ്ചകളായി ഭീതി പരത്തിയ കരടി കാപ്പിത്തോട്ടത്തില്‍ ചത്തനിലയില്‍

വയനാട്: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 12 വയസ് പ്രായം തോന്നിക്കുന്ന കരടിയാണ് ചത്തത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു.

നേരത്തെ ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസര പ്രദേശങ്ങളിലും കരടിയെ നിരവധി പേര്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ നിരവധി പേര്‍ കരടിയെ നേരില്‍ കണ്ടിരുന്നു.

അടിക്കടി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. കാട്ടാന, കടുവ, കാട്ടുപന്നി എന്നിങ്ങനെ വന്യമൃഗശല്യം രൂക്ഷമാകുന്നതിനിടെയാണ് കരടിയുടെ സാന്നിധ്യം കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ സ്ഥിരീകരിക്കുന്നത്.

വയനാടന്‍ വനമേഖലകളില്‍ കരടിയുടെ സാന്നിധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ ബാവലി വനമേഖലയില്‍ രണ്ട് വര്‍ഷം മുമ്പ് കരടി കെണിയില്‍ കുടുങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു വയസ് പ്രായമുള്ള കരടിയെ രക്ഷപ്പെടുത്തിയത്. ബേഗൂര്‍ റേഞ്ചില്‍പ്പെട്ട ബാവലി, കക്കേരി വനമേഖലയില്‍ പരിശോധനയ്ക്ക് പോയ വാച്ചര്‍മാരായിരുന്നു കരടി കെണിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. പരിക്കുകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് വനത്തിനുള്ളിലേക്ക് തന്നെ വിടുകയായിരുന്നു.

Back to top button
error: