CrimeNEWS

ഇടുക്കിയില്‍ അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി: ഹൃദയാഘാതമെന്ന് പറഞ്ഞ് സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ച അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സഹോദരനെ പോലീസ് അറസ്റ്റുചെയ്തു.

പശ്ചിമബംഗാള്‍ കൂച്ച് ബെഹര്‍ സ്വദേശിയായ രഞ്ജന്‍ ബര്‍മന്‍(26)ആണ് ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഇയാളെ ക്രൂരമായി മര്‍ദിച്ചതിന് മൂത്ത സഹോദന്‍ ബിനല്‍ ബര്‍മനെ(30) പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തു. മര്‍ദനത്തെ തുടര്‍ന്നാണ് രഞ്ജന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് തെളിഞ്ഞത്.

Signature-ad

ഏപ്രില്‍ രണ്ടിന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മാണത്തൊഴിലാളികളായ ഇരുവരും കാഞ്ഞിരമറ്റം ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം ഇരുവരും ഇവിടിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമിതമായി മദ്യപിച്ചു. തുടര്‍ന്ന് കുടുംബവിഷയങ്ങളുടെ പേരില്‍ ചേട്ടനും അനിയനും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു.

ഇരുവരെയും പിടിച്ചുമാറ്റിയശേഷം സുഹൃത്തുക്കള്‍ അവരവരുടെ മുറികളിലേക്കുപോയി. എന്നാല്‍, വീണ്ടും ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി. രഞ്ജനെ എടുത്തുയര്‍ത്തി നിലത്തടിച്ച ബിനല്‍ പലവട്ടം നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ഇതോടെ രഞ്ജന്‍ ബോധരഹിതനായി. രജ്ഞന്‍ എഴുന്നേല്‍ക്കാതെ വന്നതോടെ ബിനല്‍ സുഹൃത്തുക്കളെ വിളിച്ചു. രഞ്ജന്‍ ഹൃദയാഘാതംവന്നു വീണു എന്ന് ഇവരോട് പറഞ്ഞു. പുറമെ പരിക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ ഇത് വിശ്വസിച്ചു. ഉടന്‍തന്നെ എല്ലാവരും ചേര്‍ന്ന് രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ രഞ്ജന്‍ മരിച്ചു.

മൃതദേഹപരിശോധനയില്‍ ആറ് വാരിയെല്ലുകള്‍ പൊട്ടി ഹൃദയത്തിലും ശ്വാസകോശത്തിലും കയറിയെന്നും ഇതാണ് മരണ കാരണമെന്നും മനസ്സിലായി. പോലീസ് ബിനലന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ രാത്രിയില്‍ വഴക്കുണ്ടായതായി മൊഴി നല്‍കി. ബിനലിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ രഞ്ജനെ മര്‍ദിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

 

Back to top button
error: