ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കി. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര പലഹാരങ്ങളും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്.
കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്‌കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധ നൽകിയത് അവയിൽ സ്വാദിഷ്ടമായ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉള്കൊള്ളിക്കുക എന്നുള്ളതാണെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ മാസം എയർ ഇന്ത്യ കടന്നിരുന്നു. ഇതിനായി വിവിധ ബാങ്കുകളിൽ നിന്നും ടാറ്റ ഗ്രൂപ്പ് ധന സമാഹരണം നടത്തിയിട്ടുണ്ട്.
അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് ഉൾപ്പെടുത്തുന്നതായും എയർ ഇന്ത്യ അറിയിച്ചിരുന്നു. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുക. ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകൾ ഉണ്ടാകുക.