കോട്ടയം: ”ജോലിയെടുത്താല്‍ ശമ്പളം കിട്ടണം, ഇല്ലെങ്കില്‍ ഇനിയും പ്രതിഷേധിക്കും” കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ്.നായരുടേതാണു വാക്കുകള്‍. ‘ശമ്പളരഹിത സേവനം 41 ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയില്‍നിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണു കെഎസ്ആര്‍ടിസി നിലപാട്. ജനുവരി 11ന് ആണ് ഇവര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.
സര്‍ക്കാരിന് അപകീര്‍ത്തിയായി; ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി
”2022 ഡിസംബറിലെ ശമ്പളം കിട്ടാതെ വന്നതോടെ വീട്ടുകാര്യങ്ങള്‍ തകിടംമറിഞ്ഞു. ഭര്‍ത്താവ് ശെല്‍വരാജ് ക്ഷേത്രങ്ങളിലെ സപ്താഹ ആചാര്യനാണ്. സ്ഥിരവരുമാനമില്ല. എന്റെ ശമ്പളം കൊണ്ടാണു കുടുംബം കഴിയുന്നത്. വീട്ടുചെലവുകളും വായ്പകളുടെ തിരിച്ചടവുമുണ്ട്. മകന്റെ കാര്യങ്ങളും നോക്കണം. സര്‍വീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്. ഞാന്‍ ബസിനു കല്ലെറിയുകയോ യാത്രക്കാര്‍ക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ”- ടിവി പുരം സ്വദേശിയായ അഖില പറഞ്ഞു.
വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണു പാലാ ഡിപ്പോ. പുലര്‍ച്ചെയുള്ള ഡ്യൂട്ടിയാണെങ്കില്‍ തലേന്നു വൈകിട്ടുതന്നെ പോകണം. താമസിച്ചാല്‍ വീട്ടിലെത്താനും കഴിയില്ല. വൈക്കത്തുള്ളതുപോലെ പാലായില്‍ സ്ത്രീകള്‍ക്കു വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു.
എംഎസ്സിയും ബിഎഡുമുള്ള അഖില 13 വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാരിയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോള്‍ വിഷു ദിവസം വൈക്കം ഡിപ്പോയില്‍ നിരാഹാരസമരം നടത്തിയിരുന്നു.