KeralaNEWS

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തടഞ്ഞുവച്ചു; പ്രിന്‍സിപ്പലിനെ പോലീസ് എത്തി മോചിപ്പിച്ചു

പാലക്കാട്: എസ്എഫ്‌ഐ ജില്ലാ നേതാവ് ഉള്‍പ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഗവ. കോളജില്‍ പ്രിന്‍സിപ്പലിനെ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപ്പലിനെ പോലീസ് എത്തിയാണു മോചിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളായ 27 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

കോളജ് പ്രിന്‍സിപ്പല്‍ കെ.വി.മേഴ്‌സിയുടെ പരാതിയില്‍ റിജു കൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, സഞ്ജയ്, സ്‌നേഹ, റോഷിനി, ചാരുത, സംവൃത എന്നിവര്‍ക്കും കണ്ടാലറിയുന്ന 20 പേര്‍ക്കുമെതിരെയാണു കേസ്. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയനും കോളജിലെ കായികതാരങ്ങളും തമ്മില്‍ മുന്‍പുണ്ടായ തര്‍ക്കമാണു സംഭവങ്ങളിലേക്കു നയിച്ചത്.

കായികതാരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ നല്‍കിയത് എസ്എഫ്‌ഐ നേതാക്കള്‍ ചോദ്യംചെയ്തിരുന്നു. എസ്എഫ്‌ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ മാര്‍ച്ച് 24നു പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തി. ഇതില്‍ 9 പേര്‍ക്കെതിരെ മങ്കര പോലീസ് കേസെടുത്തിരുന്നു. ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. പ്രശ്‌നം തീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കെ.ശാന്തകുമാരി എംഎല്‍എ, പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഒ.വി.സ്വാമിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യൂണിയന്‍ ഭാരവാഹികളും പ്രിന്‍സിപ്പലുമായി വീണ്ടും ചര്‍ച്ച നടത്തി. അഭിഭാഷകനുമായി സംസാരിച്ചു കേസ് പിന്‍വലിക്കാമെന്ന ധാരണയില്‍ പ്രിന്‍സിപ്പല്‍ എത്തിയിരുന്നതായും വിവരമുണ്ട്. എന്നാല്‍, കേസിന്റെ മഹസര്‍ തയാറാക്കുന്നതിനു കഴിഞ്ഞ ദിവസം മങ്കര എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് കോളജില്‍ എത്തിയതോടെയാണു പ്രകോപിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചത്.

മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ നടന്ന പ്രതിഷേധത്തിനിടെ ഭക്ഷണം കഴിക്കാനോ വൈദ്യുതി നിലച്ചപ്പോള്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കാനോ അനുവദിച്ചില്ല. മുദ്രാവാക്യം മുഴക്കിയ കുട്ടികള്‍ക്കിടയില്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞു വീണതോടെ മങ്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Back to top button
error: