കണ്ണൂർ: നമ്പർ പ്ലേറ്റില്ലാത്ത കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിന്തുടർന്ന് പിടികൂടി പൊലീസ്. കണ്ണൂർ അത്താഴക്കുന്നിലാണ് സംഭവം. ഹാഷിഷ് ഓയിൽ, കഞ്ചാവ്, എംഡിഎംഎ എന്നിവയാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അത്താഴക്കുന്ന മേഖലയിൽ പൊലീസ് സ്വാഡിൻറെ പരിശോധനയ്ക്കിടയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ അതിവഗതയിൽ കടന്നുപോയത്.
സംശയം തോന്നിയ പൊലീസ് സംഘം കാർ പിന്തുടർന്നതോടെ ഏതാനും മീറ്റർ അകലെ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. രണ്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് മാരക ലഹരിമരുന്നായ അഞ്ചര ഗ്രാം എംഡിഎംഎ, 1 കിലോ ഹാഷിഷ് ഓയിൽ, 5 കിലോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടയാളിൽ ഒരാൾ കണ്ണൂർ സിറ്റിയിൽ ലഹരിമരുന്ന ഇടപാടിലെ പ്രധാന ഇടനിലക്കാരനാണ്. കാറിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകളിൽ നിന്ന് ലഹരി ഇടപാടിൻറെ കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് അടുത്തകാലത്ത് ലഹരി മരുന്ന് ഇടപാടുകൾ വർദ്ദിച്ചിട്ടുണ്ടെന്നും ഇത്തരം സംഘത്തിലെ പ്രധാനികളാണ് രക്ഷപ്പെട്ടവരെന്നും പൊലീസ് വ്യക്തമാക്കി.