NEWSWorld

നാളെ ഈദുൽ ഫിത്തർ: സൗദിയിൽ ആഘോഷ വെടിക്കെട്ട്, പവിത്രമായ ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

    ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന്, സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും. റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമ്മാമിലെ കടൽത്തീരത്തും മറ്റുമാണ് വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുക.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്  ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈദുൽ ഫിത്തർ ആശംസകൾ പങ്കുവെച്ചു.

Signature-ad

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ. ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈ ദിനം സന്തോഷത്തിന്റെയും നന്ദിയുടെയും പ്രതീകമാണ്. കേവലം ഒരാഘോഷം എന്നതിലുപരി, ഇസ്ലാമിക ചരിത്രത്തിലും വിശ്വാസ കാര്യങ്ങളിലും സുപ്രധാനമായ സ്ഥാനമുണ്ട് ഇതിന്. ‘ഈദ്’ എന്നത് അറബിയിലെ ‘ഔദ്’ എന്ന വാക്കിൽ നിന്നാണത്രേ ഉത്ഭവിച്ചത്.

ഈദുൽ ഫിത്തറിൻ്റെ ചരിത്രം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിലേക്ക്, ഏഴാം നൂറ്റാണ്ടിലേക്ക് പോകുന്നു. ഹിജ്റ രണ്ടാം വർഷത്തിലാണ് ഈദുൽ ഫിത്തർ പ്രധാന ആഘോഷമായി അംഗീകരിച്ചത്. റമദാൻ മാസത്തിലെ വ്രതം നിർബന്ധമാക്കിയ അതേ വർഷം തന്നെയായിരുന്നു ഇത്. റമദാൻ മാസത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കാൻ കാരണം, ഈ മാസത്തിലാണ് വിശുദ്ധ ഖുർആൻ ആദ്യമായി മുഹമ്മദ് നബിക്ക് അവതരിച്ചത് എന്നതാണ്.

ഈ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള സന്തോഷ സൂചകമായാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത് എന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.  റമദാനിലെ ആത്മീയമായ പരിശീലനത്തിന് ശേഷമുള്ള ഈ ആഘോഷം വിശ്വാസികൾക്ക് പുതിയ ഊർജം നൽകുന്നു.

റമദാൻ മാസത്തിലെ കഠിനമായ വ്രതാനുഷ്ഠാനത്തിന് ശേഷം എത്തുന്ന ഈ ദിവസം അതിരാവിലെ ഉണർന്ന് പുതുവസ്ത്രങ്ങൾ ധരിച്ച് വിശ്വാസികൾ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്ന് പ്രത്യേക നിസ്കാരത്തിൽ (ഈദ് നമസ്കാരം) പങ്കുചേരുന്നു. ഈ നിസ്കാരത്തിൽ പ്രാർത്ഥനകളും ഖുതുബയും (പ്രഭാഷണം) ഉണ്ടായിരിക്കും. വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറുകയും സ്നേഹബന്ധങ്ങൾ പുതുക്കുകയും ചെയ്യും.

ഈദുൽ ഫിത്തറിൻ്റെ പ്രധാനപ്പെട്ട ഒരു ആചാരമാണ് ഫിത്തർ സക്കാത്ത് എന്ന ദാനം. റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയതിൻ്റെ സന്തോഷ സൂചകമായി പാവപ്പെട്ടവർക്കും അർഹതയുള്ളവർക്കും ഭക്ഷണമോ  പണമോ ദാനമായി നൽകുന്ന ചടങ്ങാണത്. സാധാരണയായി ഈദ് നിസ്കാരത്തിന് മുമ്പാണ് ഇത് നൽകുന്നത്. ഇത് സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനും പരസ്പര സ്നേഹം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇസ്ലാമിക കലണ്ടർ ഒരു ചാന്ദ്ര കലണ്ടർ ആയതിനാൽ, സാധാരണയായി തലേദിവസം ചന്ദ്രനെ കണ്ടതിന് ശേഷമാണ് ഈദ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക കാഴ്ചകൾക്കനുസരിച്ച് ഈദിൻ്റെ തീയതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒരേ മനസ്സോടെ സന്തോഷത്തിൻ്റെ ഈ ദിനം ആഘോഷിക്കുന്നു. റമദാനിൽ നേടിയെടുത്ത ആത്മീയമായ കരുത്തും സഹാനുഭൂതിയും വരും ദിവസങ്ങളിലും ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ അവർ ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: