
വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ റീഎഡിറ്റ് ചെയ്ത എമ്പുരാന്‍ പെരുന്നാള്‍ ദിനം (തിങ്കൾ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ 3 മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമാണ് ചിത്രം നാളെ മുതല്‍ എത്തുന്നത്.
ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടി ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു.

സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. പക്ഷേ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ‘എമ്പുരാ’നിൽ നിന്നും 17 ൽ ഏറെ ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വിവാദ രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ രംഗത്ത് വന്നിരുന്നു. ആർഎസഎസ് മുഖപത്രമായ ഓർഗനൈസർ ഇന്നും മോഹൻലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമർശം നടത്തി.
‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട്. അതിൻ്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് അതിവേഗം എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു .
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ 4 പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം
മോഹൻലാൽ