KeralaNEWS

കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി: ഒളിവിലുള്ള വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഓഫിസിലെ ഡിവൈഎസ്പി: പി.വേലായുധന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീട്ടിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ മുങ്ങിയ വേലായുധനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അനധികൃത സ്വത്തു സമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടര്‍ന്ന് വേലായുധന്‍ നായര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ കഴിഞ്ഞിടയ്ക്ക് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടി ജയിലില്‍ അടച്ചിരുന്നു. ഈ പ്രതിയുമായി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.

Signature-ad

പിടിയിലായ റവന്യു ഉദ്യോഗസ്ഥനെതിരെ സ്‌പെഷല്‍ സെല്ലില്‍ മുന്‍പുണ്ടായിരുന്ന അവിഹിത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചത് വേലായുധന്‍ നായരാണ്. അതു മനസ്സിലാക്കിയാണ് ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്. പ്രതിയും വിജിലന്‍സ് ഉദ്യോഗസ്ഥനും തമ്മില്‍ പണമിടപാടു നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു കേസ് എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്താന്‍ വീട്ടിലെത്തിയതിനിടെയാണ് വേലായുധന്‍ നായര്‍ കടന്നു കളഞ്ഞത്. മാര്‍ച്ച് 23ന് കാണാതായ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Back to top button
error: