കെ.പി കൊട്ടാരക്കരയും ശശികുമാറും ചേർന്നൊരുക്കിയ ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 52 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പുരാണകഥയെ പോലീസിന്റെയും കൊള്ളക്കാരുടെയും കഥയായി അവതരിപ്പിച്ച ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് 52 വർഷം. 1971 മാർച്ച് 26 നാണ് കെ.പി കൊട്ടാരക്കരയുടെ രചനയിൽ ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനമാരംഭിച്ചത്. നിർമ്മാണവും കെ.പി കൊട്ടാരക്കരയായിരുന്നു.
സിനിമാ ഷൂട്ടിങ്ങിനിടെ നടിയെ (വിജയശ്രീ) തട്ടിക്കൊണ്ടു പോയി ലങ്കയിലെ പഞ്ചവടി സംഗീത കലാപീഠത്തിൽ പാർപ്പിച്ചിരിക്കുന്നു. പഞ്ചവടി ഒരു ദുരൂഹകേന്ദ്രമാണ്. രാവണൻ എന്നൊരു മുഖം മൂടിധാരിയാണ് അത് നിയന്ത്രിക്കുന്നത്. പഞ്ചവടിയിൽ പാട്ട് വാദ്ധ്യാരായി ചെല്ലുന്ന നസീർ ‘ഈശ്വരനൊരിക്കൽ വിരുന്നിന് പോയി’ പാടി അവിടെ കഥകളി പഠിക്കാൻ വന്ന ഫ്രഞ്ച് മദാമ്മയുടെ പോലും പ്രിയങ്കരനാകുന്നു.
പഞ്ചവടിയുടെ ഒരു രക്ഷാധികാരിയായ സുൽത്താന്റെ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ പെട്ടി മോഷണം പോയി. പഞ്ചവടി നസീറിനെ സംശയിക്കുന്നു. നസീർ തന്നെയാണ് മോഷ്ടിച്ചത്. പിന്നെ കാണല്ലോ അത് വെളിപ്പെടുക, നസീർ സി.ഐ.ഡിയാണ്. സുൽത്താന്റെ പെട്ടിക്കകത്ത് രാജ്യരക്ഷയെ സംബന്ധിക്കുന്ന രഹസ്യങ്ങളടങ്ങിയ ഭൂപടമാണ്. അത് ശത്രുരാജ്യങ്ങൾക്ക് കൈമാറി കാശ് വാങ്ങുന്ന പരിപാടിയാണ് സുൽത്താന്റേത്. സുൽത്താനും മറ്റും രാവണന്റെ സിൽബന്ധികളാണല്ലോ. ക്ളൈമാക്‌സിലെ പൊരിഞ്ഞ സംഘട്ടനത്തിൽ നസീറിനെ രക്ഷിക്കാൻ കാമുകി ‘രാവണനെ’ വെടി വച്ച് വീഴ്ത്തി. ഫ്രഞ്ച് മദാമ്മയായിരുന്നു രാവണൻ! ‘ലങ്കാദഹനം’ എന്ന പോലീസ് കേസ് ഡയറി അവസാനിച്ചു.
ശ്രീകുമാരൻ തമ്പി- എം.എസ് വിശ്വനാഥൻ ടീം ഒരുക്കിയ അനശ്വര ഗാനങ്ങൾ ‘ലങ്കാദഹന’ത്തിലെ അമൂല്യരത്നങ്ങളാണ്. ‘ഈശ്വരനെ’ കൂടാതെ യേശുദാസിന്റെ ‘സ്വർഗ്ഗനന്ദിനി’, ജയചന്ദ്രന്റെ ‘തിരുവാഭരണം ചാർത്തി വിടർന്നു’ തുടങ്ങിയ ഗാനങ്ങളുമുണ്ടായിരുന്നു.