”എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തേണ്ട”
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഇപ്പോള്‍ അംഗമല്ലെന്നും പിടിക്കുന്നെങ്കില്‍ പച്ചക്കൊടി മാത്രമേ പിടിക്കൂവെന്നും സംവിധായകന്‍ ഒമര്‍ ലുലു. കോളജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവി ആയിരുന്നെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ആളുകളുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നോമ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം. തനിക്ക് സംഘിപ്പട്ടം ചാര്‍ത്തി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘എനിക്ക് സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തില്‍ ഒരുവിധം എല്ലാ രാഷ്ട്രിയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.
എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സില്‍ രാഷ്ട്രിയമേ ഇല്ലാ .
ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ. എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്യും. ‘
വിഷയത്തില്‍ കഴിഞ്ഞ വര്‍ഷവും ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒന്നര വര്‍ഷം കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡണ്ടായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉള്ളില്‍ ഇഷ്ടമുള്ള പാര്‍ട്ടി മുസ്ലിം ലീഗ് ആണെന്നും മതേതരമായ മുസ്ലിം പാര്‍ട്ടിയായി ഫീല്‍ ചെയ്തിട്ടുള്ളത് ലീഗിനെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.